ഹരിപ്പാട്: നാളികേരത്തിന്-14, വെളിച്ചെണ്ണക്ക്- 200, തെങ്ങ് ഒന്നിന് കേറ്റക്കൂലി 50, കയറ്റിറക്കു കൂലി 800, വണ്ടിക്കൂലി വേറേയും. ഇത്രയും തുക കണ്ടെത്തിയാലും തെങ്ങിൽ കയറാനാളില്ല, നാളികേരത്തിനു വിലസ്ഥിരതയുമില്ല. വരവും ചെലവും കൂട്ടിനോക്കിയാൽ കർഷകനു മിച്ചം നഷ്ടംമാത്രം.
കാര്യങ്ങൾ ഇങ്ങനെയൊക്കെ മാറിമറിയുന്പോഴാണ്, ഉദ്പാദന ചെലവു കൂടുതലും ഉത്പന്നങ്ങൾക്ക് വളരെ കുറവ് വിലയും ലഭിക്കുന്ന നാടൻതെങ്ങുകളെ വിട്ട് കേരകർഷകർ കൂട്ടത്തോടെ സങ്കരയിനം തെങ്ങുകളുടെയും കുള്ളൻ തെങ്ങുകളുടെയും തേടി പോകുന്നത്.
15 മുതൽ 25മീറ്റർ വരെയാണ് നാടൻ തെങ്ങുകളുടെ ഉയരം. 80 മുതൽ 100 വയസുവരെയാണ് ഇവയുടെ ആയുസ്. കുള്ളൻ ഇനത്തിൽപ്പെട്ടവയുടെ ആയുസാകട്ടെ 45ഉം. കുള്ളൻ ഇനങ്ങളും നാടൻഇനങ്ങളും തമ്മിൽ പരാഗണം നടത്തിയാണ് സങ്കരയിനം തെങ്ങ് ഉൽപ്പാദിപ്പിക്കുന്നത്.
ഒരാൾക്ക് കൈയെത്തി നാളീകേരം പറിച്ചെടുക്കാൻ പാകത്തിലാണ് മിക്ക സങ്കരയിനം തെങ്ങുകളും. ഇവയുടെ ആയുസാകട്ടെ 30 ഉം.സങ്കരയിനം തെങ്ങുകൾ ഇപ്പോൾ കർഷകരുടെ പ്രിയപ്പെട്ടതാവുകയാണ്. മരം കയറ്റ തൊഴിലാളിയുടെ ആവശ്യമില്ലാത്തതും നാടൻ തെങ്ങിനെക്കാൾ കായ്ഫലം കൂടുതൽ ലഭിക്കുന്നതുകൊണ്ടും, മറ്റ് ഉൽപാദന ചെലവുകൾ ഇല്ലാത്തതും, രോഗപ്രതിരോധശേഷി കൂടുതലുള്ളതുംകൊണ്ടാണ് കേരകർഷകർ സങ്കരയിനം തെങ്ങുകളെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം.
കേരകർഷകർ താൽപ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ ലോഡുകണക്കിന് വിത്തുതേങ്ങകളാണ് ഇപ്പോൾ മറുനാട്ടിൽനിന്നും മലയാള നാട്ടിലേക്ക് എത്തുന്നത്. നാളികേര ഉല്പാദക സംഘങ്ങൾ മുൻകൈ എടുത്താണ് വിത്തുതേങ്ങകൾ എത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുമാണ് കുഞ്ഞൻ തെങ്ങുകളുടെ വിത്ത് തേങ്ങകൾ കൂടുതലായും എത്തിക്കുന്നത്. നാലുവർഷം കൊണ്ട് കായ്ക്കുന്നവയാണ് കുള്ളൻ തെങ്ങുകൾ.