കോഴിക്കോട്: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന വന്‍മയക്കുമരുന്ന് ശേഖരം വാടകവീട്ടില്‍ നിന്ന് പിടികൂടിയ സംഭവത്തിനു പിന്നില്‍ അന്തര്‍ സംസ്ഥാന ലഹരി സംഘമാണെന്ന് പോലീസിനു വിവരം ലഭിച്ചു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന ബന്ധത്തിലേക്കുള്ള തെളിവുകള്‍ ലഭിച്ചത്. പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
രണ്ടു കോടിയുടെ രാസലഹരി ശേഖരമാണ് കഴിഞ്ഞ ദിവസം വെള്ളയില്‍ പോലീസും സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ‘ഡന്‍സാഫും’ ചേര്‍ന്ന് പിടികൂടിയിരുന്നത്. അത്താണിക്കടുത്തുള്ള എടക്കല്‍ ഭാഗത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 779 ഗ്രാം എംഡിഎംഎ, 80 എല്‍എസ്ഡി സ്റ്റാമ്പ്, 6.150 ഗ്രാം എക്സ്റ്റസി തുടങ്ങിയവയാണ് പിടികൂടിയിരുന്നത്. ഇതോടൊപ്പം വീട്ടില്‍നിന്ന് ലഹരിയുടെ അളവ് കണക്കാക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് ത്രാസ്, ലഹരി പൊതിയുന്ന ചെറിയ പ്ലാസ്റ്റിക് കവറുകള്‍, ഡപ്പികള്, പ്രതികളുടെ ബൈക്ക് എന്നിവയും കണ്ടെടുത്തിരുന്നു.
സ്ഥലത്തുനിന്ന് രക്ഷപ്പെട്ട കോഴിക്കോട്, മലപുറം സ്വദേശികളുടെ നാല് മൊബൈല്‍ ഫോണ്‍ നമ്പര്‍ ലഭിച്ചതോടെ അന്വേഷണ സംഘം സൈബര്‍ സെല്ലിനോട് കാള്‍ ഡീറ്റെയില്‍സ് റിപ്പോര്‍ട്ട് (സിഡിആര്‍) തേടി. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ലഹരി സംഘം ആരെയൊക്കെ ബന്ധപ്പെട്ടു. എവിടെയെല്ലാം തങ്ങി എന്നതടക്കമുള്ള വിവരങ്ങള്‍ കിട്ടും. സംഘത്തിലെ കണ്ണികളെന്ന് സംശയി ക്കുന്നവരുടെ നാട്ടില്‍ പോലീസ് പരിശോധ ന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത രണ്ട് ബൈക്കുകള്‍ കോഴിക്കോട് സ്വ ദേശികളുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വി ച്ച് ഓഫാണ്.
പോലീസ് അന്വേഷിച്ച് പോയെങ്കിലും ഇവരുടെ വീടുകള്‍ അടച്ചിട്ട നിലയിലുമാണ്. ബംഗളൂരുവില്‍നിന്നാണ് സംഘം ലഹരി വസ്തുക്കള്‍ എത്തിച്ചതെന്നാണ് വിവരം. അമേരിക്കയില്‍ ജോലിചെയ്യുന്ന വീട്ടുടമസ്ഥനില്‍നിന്ന് പ്രതികളെക്കുറിച്ച് പോലീസിന് ലഭിച്ച സൂചനകളിലും അന്വേഷണം പുരോഗമിക്കുകയാണ്. അടുത്ത ദിവസമാണ് സം ഘം വീട് വാടകയ്ക്കെടുത്തത് എന്നതിനാല്‍ അയല്ക്കാര്ക്ക് ഇവരെക്കുറിച്ച് വിവരമില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബീച്ച്, മാളുകളുടെ പരിസരം എന്നിവ കേന്ദ്രീകരിച്ച് യുവതീയുവാക്കള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും ലഹരി നല്കുന്ന മുഖ്യ കണ്ണികളാണ് സംഘത്തിലുള്ളതെന്നു വിവരമുണ്ട്. നഗരത്തിലെ വിവിധ ലഹരിസംഘങ്ങള്‍ക്ക് വില്പനക്കായി മൊത്തമായി എത്തിച്ചതാണ് രാസലഹരി എന്നാണ് വിവരം. മയക്കുമുരുന്ന് കേസില്‍ നേരത്തെ പിടിയിലായ ചിലരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് മൊത്ത വില്പനക്കാരെക്കുറിച്ചുള്ള സുചന ലഭിച്ചത്.