കൊച്ചി: വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തയിടങ്ങളിൽ ഭരണം പിടിക്കാൻ ചാക്കിട്ടുപിടിത്തം തകൃതി. കേവല ഭൂരിപക്ഷം ആര്‍ക്കുമില്ലാത്ത കൊച്ചി കോര്‍പറേഷനില്‍ ഭരണം പിടിക്കാന്‍ മുന്നണികള്‍ ചരട് വലികള്‍ തുടങ്ങി. 34 സീറ്റുമായി എല്‍ഡിഎഫ് മുന്നിലാണ്.
ഒരു സ്വതന്ത്രനെ കൂടി ഒപ്പം കൂട്ടാൻ കഴിഞ്ഞാൽ ഭരണം എൽഡിഎഫിന് സ്വന്തമാക്കാം. 31 സീറ്റുകളുള്ള യുഡിഎഫും ഭരണം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
സ്വതന്ത്രരിലാണ് ഇരുമുന്നണികളുടെയും കണ്ണ്. സ്വതന്ത്രരുടെ പിന്തുണ നേടുന്നവര്‍ക്ക് ഭരണത്തിലെത്താം. നാല് സ്വതന്ത്രരില്‍ മൂന്ന് പേര് യുഡിഎഫ് വിമതരും ഒരാള്‍ എല്‍ഡിഎഫ് വിമതനുമാണ്. അതുകൊണ്ടു തന്നെ കാര്യങ്ങൾ കുറച്ചുകൂടി അനുകൂലം എൽഡിഎഫിനാണ്.
യുഡിഎഫിനാകട്ടെ നാലു പേരുടെയും പിന്തുണ കിട്ടിയാലെ ഭരണ സാധ്യതയുള്ളു. ഇരു മുന്നണികള്‍ക്കും പിന്തുണ നല്‍കില്ലെന്ന് അഞ്ചു സീറ്റില്‍ ജയിച്ച ബിജെപിയും നിലപാട് അറിയിച്ചിട്ടുണ്ട്.
കോര്‍പ്പറേഷനില്‍ അര്‍ഹമായ അംഗീകാരം വിമതര്‍ക്ക് നല്‍കാമെന്നാണ് യുഡിഎഫിന്റെ വാഗ്ദാനം. ഹൈബി ഈഡന് ഉള്‍പ്പെടെയുള്ളവര്‍ വിമതന്മാരെ നേരില്‍ കണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ഇവര്‍ സഹകരിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. അതേസമയം എല്‍ഡിഎഫും വിമതരുമായുള്ള ചര്‍ച്ചയിലാണ്. മുണ്ടംവേലി ഡിവിഷനില്‍നിന്ന് സിപിഎംപി സി.പി. ജോണ്‍ പക്ഷക്കാരിയായി മത്സരിച്ച് ജയിച്ച മേരി കലിസ്റ്റ പ്രകാശന് ഡെപ്യൂട്ടി മേയര്‍ സ്ഥാനമാണ് എല്‍ഡിഎഫിന്റെ വാഗ്ദാനം.
മുസ്ലീം ലീഗ് റിബലായി മത്സരിച്ച് ജയിച്ച ലീഗ് നേതാവ് ടി.കെ. അഷറഫിന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും വാഗ്ദാനം ചെയ്യുന്നു. പനയപ്പള്ളിയില്നിന്ന് മത്സരിച്ച് ജെ.സനില്മോന് യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റും മാനാശേരിയില്‍ നിന്നുള്ള കെ.പി. ആന്റണി സിപിഎം അനുഭാവിയുമാണ്.
74 സീറ്റുകളുള്ള കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫിന് 34 ഉം യുഡിഎഫിന് 31 ഉം ബിജെപിക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. നാല് വിമതര്‍ ജയിച്ചു.
കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ മൂന്ന് സീറ്റുകള്‍ കൂടി അധികം നേടി. 37 സീറ്റുകള്‍ കിട്ടിയ യൂഡിഎഫിനാകട്ടെ ഇത്തവണ ആറു സീറ്റുകള്‍ കുറഞ്ഞു. 34 സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫ് അത്രതന്നെ നിലനിര്‍ത്തുകയും ചെയ്തു.