വിമാനത്താളത്തിലെ കാന്റീനിലെ അമിതവില മലയാളിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് നടി അനുശ്രീയാണ്. കഴുത്തറപ്പന്‍ തുകയാണ് ഒരു കപ്പ് കാപ്പിക്കുപോലും വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തുന്നതെന്നത് വലിയ വിവാദമായിരിരുന്നു. എന്നാല്‍ നല്ല കാര്യങ്ങളും വെളിച്ചത്ത് വരണമല്ലോ. അതിതാണ്. കൊച്ചി വിമാനത്താവളത്തിലെ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം ഉദാരമാണ്. പത്തു രൂപാ ചിലവില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് പ്രവേശനം സാധ്യമാണ്.
ഒപ്പം കാഴ്ചയും, രുചികരമായ ഭക്ഷണവും നിങ്ങളെ കാത്തിരിക്കുന്നു. ആറു മാസമായതേയുള്ളൂ കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം ഉദാരമാക്കിയിട്ട്. ഇവിടെ അതറിഞ്ഞു വരുന്നവര്‍ പോലും ലഭ്യമായിട്ടുള്ള സൗകര്യത്തെ പൂര്‍ണമായും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നാമത്തെ ടെര്‍മിനലിലാണ് സന്ദര്‍ശകര്‍ക്കുള്ള ഇടം പത്തു രൂപാ നിരക്കില്‍ ഒരുക്കിയിരിക്കുന്നത്. ഗ്യാലറി, വിശാലമായ ഫുഡ് കോര്‍ട്ട്, ചെറിയ ഷോപ്പുകള്‍ എന്നിവയൊക്കെ സന്ദര്‍ശകരെ കാത്തിരിക്കുന്നു.
സന്ദര്‍ശനത്തിനുള്ള ചീട്ട് എടുത്ത ശേഷം മുന്നില്‍ കാണുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ച് സന്ദര്‍ശകര്‍ക്കുള്ള വിശ്രമ സ്ഥലത്തേക്ക് കയറാം. മുന്നില്‍ തോക്കു പിടിച്ചു നില്‍ക്കുന്ന പട്ടാളക്കാരെ കണ്ടാല്‍ ഭയപ്പെടേണ്ട, അവരുടെ ഹിന്ദിയും ഇംഗ്ലീഷും കേട്ട് വിറയ്ക്കുകയും വേണ്ട. സന്ദര്‍ശനയിടത്ത് ശ്രദ്ധ നേടുന്നതാണ് കാസിനോ ഗ്രൂപ്പിന്റെ ഫുഡ് സ്റ്റോപ്പ് ഡൈനര്‍ എന്ന ഫുഡ് കോര്‍ട്ട്.
മറ്റു ഹോട്ടലില്‍ നിന്നും ഈടാക്കുന്ന വിലയെക്കാള്‍ ഇത്തിരിയെങ്കിലും താഴെയാണ് ഇവിടുത്തെ വിഭവങ്ങള്‍ക്ക് ഈടാക്കുന്നത്. വിമാനങ്ങളിലേക്കു ഭക്ഷണം തയാറാക്കുന്ന കാസിനോ എയര്‍ കേറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസിന്റേതാണ് ഫുഡ് സ്റ്റോപ്പ് ഡൈനര്‍.
നേരത്തെ ടെര്‍മിനലിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നില്ല. സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ പോലും ഇതിനുള്ളിലേക്ക് കടക്കാറില്ല. കാരണം പലര്‍ക്കും തോക്കൊക്കെ പിടിച്ചു നില്‍ക്കുന്ന ഈ ഗാര്‍ഡുമാരെ ഭയമുണ്ട്. പത്തു രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ മൂന്നു മണിക്കൂര്‍ അകത്തു സമയം ചിലവഴിക്കാം. മാളില്‍ കയറിയ പ്രതീതിയാണ്, ഭക്ഷണവും കഴിക്കാം, അത്യാവശ്യം ചെറിയ ഷോപ്പിങ്ങും നടത്താം.