കളമശരി: നിർദിഷ്ട കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം ഇഴഞ്ഞ് നീങ്ങുന്നത് ഗുരുതര വീഴ്ചയെന്ന് നിയമസഭാ എസ്റ്റിമേറ്റ് സമിതി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഘട്ടം ഘട്ടമായി തുക അനുവദിച്ചിട്ടും അത് വിനിയോഗിക്കാത്തതിനെതിരേയും നിലവാരമില്ലാത്ത നിർമാണത്തിനെതിരേയുമാണ് എസ്. ശർമ്മ എംഎൽഎ അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
2017-18 ൽ 10 കോടി രൂപ നൽകിയപ്പോൾ 2.7 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. 2018-19 ൽ 10 കോടി രൂപയിൽ 2.6 കോടിയാണ് ഉപയോഗിച്ചത്. 2018-19 ൽ 15 കോടി രൂപയിൽ അനുവദിച്ചത് നിശ്ചിത സമയത്തിനുള്ളിൽ വിനിയോഗിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. നിലവിൽ കാൻസർ സെന്റർ മെഡിക്കൽ കോളജിന്റെ നാലുനില കെട്ടിടത്തിലാണ് താത്ക്കാക്കാലികമായി പ്രവർത്തിക്കുന്നത്.
മെഡിക്കൽ കോളജ് വിട്ടുകൊടുത്ത സ്ഥലത്ത് 379 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരേയാണ് കഴിഞ്ഞ ഓഗസ്റ്റ് 30ന് സ്ഥലം സന്ദർശിച്ച നിയമസഭ കമ്മിറ്റി പ്രതികരിച്ചിരിക്കുന്നത്. ആറ് ലക്ഷം ചതുരശ്രയടി വിസ്തീർണവും 8 നിലകളിൽ 360 കിടക്കളും ഉള്ള പദ്ധതി 2018 ൽ ആരംഭിച്ച്
2020 ജൂലൈയിൽ നിർമാണം പൂർത്തിയാകേണ്ടിയിരുന്നതാണ്.
പദ്ധതിയുടെ വേഗത കൂട്ടാൻ മുഴുവൻ സമയ പ്രോജക്ട് ഓഫീസറെ നിയമിക്കണം, വിദഗ്ദ്ധരായ തൊഴിലാളികളെ ഉപയോഗിക്കണം, ആഴ്ചതോറും അവലോകനം നടത്താൻ ബന്ധപ്പെട്ടവരും പ്രമുഖ വ്യക്തികളുമടങ്ങുന്ന സബ് കമ്മിറ്റി രൂപീകരിക്കണം തുടങ്ങിയ നിർദേശങ്ങളും നിയമസഭയിൽ വച്ച റിപ്പോർട്ടിലുണ്ട്. സമിതിയുടെ ചെയർമാൻ മുൻ മന്ത്രി എസ്. ശർമ്മ എംഎൽഎ, കെ.സി. ജോസഫ്, പി.കെ. അബ്ദുറബ്, എന്നിവരാണ് പദ്ധതി പ്രദേശം സന്ദർശിച്ചത്.