കളമശേരി: ട്രഷറി അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ സർക്കാർ പിൻവലിച്ചതോടെ മൊട്ടുസൂചി വാങ്ങാൻപോലുമാകാതെ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ പ്രതിസന്ധിയിൽ. ഡോക്ടർമാർ അടക്കമുള്ള 36 ജീവനക്കാരുടെ കഴിഞ്ഞമാസത്തെ ശമ്പളവും മുടങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതികളുടെ ഫണ്ട് വിനിയോഗിക്കാത്ത വകുപ്പുകളുടെ തുക പിൻവലിക്കാനുള്ള സർക്കാർ തീരുമാനമാണ് കളമശേരിയിൽ പ്രവർത്തിക്കുന്ന സിസിആർസിക്ക് തിരിച്ചടിയായത്.
പതിവിനു വിപരീതമായി തീരുമാനം നടപ്പിലാക്കലും വേഗത്തിലായതോടെ 10.03 കോടി രൂപ ശേഷിച്ചിരുന്ന സിസിആർസിയുടെ അക്കൗണ്ട് നിമിഷങ്ങൾ കൊണ്ട് കാലിയായി. തുക വിനിയോഗിക്കാത്ത അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ ബാക്കി നിർത്തി പിൻവലിക്കാനാണ് ധനകാര്യ വകുപ്പ് നിർദേശം നൽകിയത്.
അങ്ങിനെയെങ്കിൽ ശമ്പളവും ദൈനംദിന ചെലവും ഇതോടൊപ്പം നടന്നേനെ. എന്നാൽ ശേഷിച്ച 10.03 കോടി രൂപയിൽ 9.03 കോടി രൂപ തിരികെ നൽകേണ്ടിടത്ത് സിസിആർസി ഓഫീസിലെ പിശകുമൂലം മുഴുവൻ തുകയും തിരികെ നൽകുകയായിരുന്നു. സിസിആർസിക്ക് പ്രതിമാസ ശന്പള ഇനത്തിൽ മാത്രം 15 ലക്ഷം രൂപ വേണം. പ്രവർത്തന ഫണ്ടായും ലക്ഷങ്ങൾ ആവശ്യമാണ്.
നിലവിൽ നിരവധി ഉപകരണങ്ങളും സിസിആർസിയിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിന്റെ പാർസൽ നീക്കത്തിനും മറ്റുമായും തുക കരുതണം. വികസന പ്രവർത്തനങ്ങളെയും ഈ സീറോ ബാലൻസ് അക്കൗണ്ട് ബാധിക്കും. അതേ സമയം തിരിച്ചുപിടിച്ച തുകയുടെ ആറിലൊന്ന് അതാത് അക്കൗണ്ടുകളിലേക്ക് അനുവദിക്കാനായി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും, ശന്പളം ഉടൻ നൽകുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന.
തുക തിരിച്ചുപിടിച്ചതിലുണ്ടായ വ്യാപക പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനമത്രേ. സമീപത്തെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്തിട്ടില്ല. മെഡിക്കൽ കോളജ് ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ശമ്പളബിൽ തയാറാകാത്തതാണ് 700 ഓളം പേരുടെ ശമ്പളം മുടക്കിയത്.