കൊച്ചി: കൊച്ചി കപ്പല്‍ശാലയിലും നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ചയാള്‍ പോലീസ് പിടിയിലായതായി സൂചന.
എന്നാല്‍ ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ജാഗ്രതയോടെയാണ് പോലീസ് നടികള്‍ പുരോഗമിക്കുന്നത്.
കപ്പല്‍ നിര്‍മാണ ശാലക്കുള്ളിലെ സ്ഥലങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് തകര്‍ക്കുമെന്ന വ്യാജ സന്ദേശം ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ കപ്പല്‍ നിര്‍മാണശാലയിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നിരുന്നു. കപ്പല്‍ ശാലയിലെ ജീവനക്കാരെയടക്കം ചോദ്യവും ചെയ്തിരുന്നു.
വ്യാജ ഐപി ഉപയോഗിച്ചാണ് സന്ദേശം അയച്ചിരിക്കുന്നത്. അതുകൊണ്ടുതന്നേ സാങ്കേതിക വിദഗ്ധരുടെ സാഹയത്തോടെയാണ് പോലീസ് പ്രതിയിലേക്കെത്തിയിരിക്കുന്നതെന്നാണ് സൂചന. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.
പ്രതിയുള്ള സ്ഥലം തിരിച്ചറിഞ്ഞതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സന്ദേശം അയച്ചതെന്ന് സംശയിക്കുന്ന ആളുകളുടെ പട്ടിക തയാറാക്കിയായിരുന്നു പോലീസ് അന്വേഷണം. സംഭവത്തിന് ശേഷം അതീവ സുരക്ഷയിലാണ് കപ്പല്‍ശാല.
ബോംബ് വയ്ക്കുമെന്ന ഇ-മെയില്‍ ഭീഷണി ലഭിച്ചത് കഴിഞ്ഞ ആറിനായിരുന്നു. കപ്പല്‍ശാലയിലെ അഞ്ച് ഉദ്യോഗസ്ഥരുടെ ഇമെയിലേക്ക് കഴിഞ്ഞമാസം 24നാണ് ആദ്യ സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് അടക്കം ഷിപ്യാര്‍ഡിലും വിക്രാന്തിലും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും സന്ദേശമെത്തിയത്.കപ്പല്‍ശാല നല്കിയ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിട്ടുള്ളത്. ഭീഷണി ഇംഗ്ലീലാണ്.
ഐഎന്‍എസ് വിക്രാന്ത് അവസാന ഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം അന്തിമ മിനുക്കു പണികളിലാണ്. ഇതിനിടെയാണ് ഭീഷണി സന്ദേശം വന്നത്. രണ്ട് മാസം മുമ്പ് വ്യാജ രേഖകള്‍ ഉപയോഗിച്ച് കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന് പൗരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭീകര ബന്ധം സ്ഥിരീകരിക്കാനായില്ലെങ്കിലും ഇയാള്‍ പാക്കിസ്ഥാനില്‍ ജോലി ചെയ്താതായി കണ്ടെത്തിയിരുന്നു. 2019 ല്‍ ഐഎന്‍എസ് വിക്രാന്തിന്റെ പത്തിലധികം കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകൾ മോഷണം പോയിരുന്നു.