സിജോ പൈനാടത്ത്
കൊച്ചി: മാതൃരാജ്യത്തിന്റെ വികസനസ്വപ്നം സാക്ഷാത്കരിക്കാൻ, ഒരു വിശ്വാസി സമൂഹം തങ്ങളുടെ പൂർവീകരുടെ ആത്മാവുറങ്ങുന്ന മണ്ണ് വിട്ടുകൊടുത്തതിന്റെ ത്യാഗസ്മൃതിക്ക് അന്പതാണ്ട്.
വളർച്ചയുടെ കുതിപ്പിൽ നഗരവും രാജ്യവും മറക്കരുതാത്ത ആ മഹാദാനത്തിന്റെ അഭിമാനസ്മൃതികൾക്കു സാക്ഷ്യമായി കൊച്ചി കപ്പൽശാല തലയുയർത്തി നിൽക്കുന്നു.
1960 -70 കാലഘട്ടത്തിലാണു കൊച്ചി കപ്പൽശാല (ഷിപ്പ് യാർഡ്) സ്ഥാപിക്കാൻ സർക്കാർ സ്ഥലം അന്വേഷിച്ചത്. ഉചിതമെന്നു കണ്ടെത്തിയ സ്ഥലങ്ങളിലേറെയും അന്നത്തെ പെരുമാനൂർ ഇടവകയുടെ പരിധിയിലായിരുന്നു.
350 വർഷം മുന്പു വിശ്വാസികൾ പണിതുയർത്തിയ വരവുകാട്ട് കുരിശുപള്ളിയും പൂർവികരെ അടക്കിയ സെമിത്തേരിയും വീടുകളും ഉൾപ്പെടുന്ന ഭൂപ്രദേശമാകെ പദ്ധതിക്കായി വിട്ടുകൊടുക്കണമെന്ന ആവശ്യം സർക്കാരിൽനിന്നുയർന്നു.
വിശ്വാസ പൈതൃകത്തിന്റെ തീക്ഷ്ണത മനസിലാക്കിയ സർക്കാർ, നിർബന്ധപൂർവം സ്ഥലമേറ്റെടുക്കാനുള്ള നീക്കങ്ങളൊന്നും നടത്തിയില്ല.
തങ്ങളുടെ വിശ്വാസ പൈതൃകവും പൂർവികരുടെ ഓർമകളുമുറഞ്ഞ മണ്ണ് നഷ്ടപ്പെടുത്തുകയെന്നത് അതീവ സങ്കടകരമെങ്കിലും രാജ്യത്തിന്റെ വികസന സംരംഭം യാഥാർഥ്യാമാകുന്നതിനും അനേകർക്കു തൊഴിലവസരം ലഭിക്കുന്നതിനുമായി അന്നത്തെ വിശ്വാസി സമൂഹം അതിനു സന്നദ്ധതയറിയിക്കുകയായിരുന്നു.
വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയും വികാരി മോൺ. അലക്സാണ്ടർ വടക്കുംതലയും ചരിത്രപരമായ തീരുമാനത്തിനു ചുക്കാൻപിടിച്ചു.
കപ്പൽശാലയ്ക്കായി ഒന്നര ഏക്കർ ഭൂമിയാണ് പള്ളി വിട്ടുനൽകിയത്. അതു കൊച്ചി കപ്പൽശാല സ്ഥാപിക്കുന്നതിന്റെ നിർണായക ചുവടുവയ്പായി.
1972 ജനുവരിയിൽ വരവുകാട്ട് കുരിശുപള്ളിയോടു ചേർന്നുള്ള സെമിത്തേരിയിലെ പൂർവികരുടെ മൃതദേഹാവശിഷ്ടങ്ങൾ അടക്കം ചെയ്ത പേടകങ്ങളുമായി കൊച്ചി എംജി റോഡ് ചുറ്റി അംബികാപുരത്തേക്ക് പ്രദക്ഷിണമായി വിശ്വാസികൾ നീങ്ങിയ കാഴ്ച വികാരനിർഭരമായിരുന്നു.
അംബികാപുരത്ത് പിന്നീട് വ്യാകുലമാതാവിന്റെ പേരിൽ പുതിയ ദേവാലയം നിർമിച്ചു.
ഒരു ജനതയുടെ ത്യാഗസ്മരണകളുടെ കരുത്തിൽ പണിതുയർത്തിയ അംബികാപുരം പള്ളിയുടെ സുവർണജൂബിലി വർഷം കൂടിയാണിത്.
പള്ളി ഭൂമി വിട്ടു നൽകിയതിന്റെ രേഖകൾ ഇപ്പോഴും കപ്പൽശാലയിലും അംബികാപുരം പള്ളിയിലും സൂക്ഷിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വികസന സംരംഭത്തിനു വേണ്ടി പള്ളിയും സെമിത്തേരിയും വീടുകളും വിട്ടുനൽകിയ പൂർവീകരെക്കുറിച്ച് ഈ അംബികാപുരം നിവാസികൾക്ക് തികഞ്ഞ അഭിമാനമാണെന്നു പ്രദേശവാസിയും സുവർണജൂബിലി ആഘോഷങ്ങളുടെ കൺവീനറുമായ ജോൺസൻ ചൂരപ്പറമ്പിൽ പറഞ്ഞു.