കിഴക്കന്പലം: ഐഐടി, മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾക്കായി പരിശീലന ക്ലാസുകൾ നടത്താൻ ലക്ഷങ്ങൾ വാങ്ങി തട്ടിപ്പു നടത്തിയെന്ന് രക്ഷിതാക്കളുടെ പരാതി. കിഴക്കന്പലം, മോറയ്ക്കാല എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയാണ് പരിശീലന ക്ലാസിന്റെ പേരിൽ തട്ടിപ്പിനിരയാക്കിയത്.
പതിനായിരം മുതൽ അന്പതിനായിരം രൂപ വരെ വിദ്യാർഥികളിൽ നിന്നു വാങ്ങിയിട്ടുള്ളതായി പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾ ചേർന്ന് കുന്നത്തുനാട് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസത്തിന് കുട്ടികളെ പ്രാപതരാക്കാമെന്ന് വാഗ്ദാനം നൽകി യുപി, ഹൈസ്കൂൾ തലങ്ങളിലുള്ള വിദ്യാർഥികളെ കേന്ദ്രീകരിച്ച് സ്കൂളുകളിൽ ടാലന്റ് ടെസ്റ്റ് നടത്തുകയാണ് സംഘത്തിന്റെ രീതി.
പിന്നീട് ഇതിൽ പങ്കെടുത്ത കുട്ടികൾ ടെസ്റ്റ് പാസായെന്ന പേരിൽ ഇവർക്ക് പരിശീലനം നൽകാൻ ലക്ഷങ്ങൾ ആവശ്യപ്പെടുകയുമാണ് പതിവ്. വിദ്യാർഥികൾക്ക് അവധി ദിവസങ്ങളിലും വെക്കേഷനുകളിലും പരിശീലന ക്ലാസുകൾ നടക്കുമെന്നും ഇവർ പറയുന്നു. ഇതിനായി ഫോണിൽ ഇവർ സന്ദേശം നൽകുകകയും ചെയ്യും. എന്നാൽ ആദ്യകാലങ്ങളിൽ ഭംഗിയായി നടക്കുന്ന പരിശീലന ക്ലാസുകൾ പിന്നീടു നാമമാത്രമാകും.
ഇത്തരത്തിൽ മക്കളുടെ ഭാവിയെ കരുതി പണം കൊടുക്കുന്ന മാതാപിതാക്കളിൽ നിന്നും ലക്ഷങ്ങളാണ് സംഘം കവർന്നിട്ടുള്ളത്. മാത്രമല്ല ഈ പരിശീലന ക്ലാസുകൾ തങ്ങൾക്ക് വേണ്ടത്ര പ്രയോജനകരമല്ലെന്നും കുട്ടികളും പറയുന്നു. ഈ വെക്കേഷനിൽ പരിശീലന ക്ലാസുകൾ നടക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വഷണങ്ങൾക്ക് സംഘത്തിൽ നിന്ന് ഭീക്ഷണിയായിരുന്നു മറുപടി. തുടർന്നാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്