രണ്ടുവയസുകാരനെ കൊത്തി മാരകമായി പരുക്കേല്പിച്ച് പൂവന്‍കോഴി. ഇതേത്തുടര്‍ന്ന് കോഴിയുടെ ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു. എറണാകുളം മഞ്ഞുമ്മലില്‍ മുട്ടാര്‍ കടവു റോഡിലാണ് സംഭവം.
രണ്ടു വയസ്സുകാരന്റെ കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമെല്ലാം പൂവന് കോഴി ഗുരുതരമായി കൊത്തി പരുക്കേല്പിച്ചെന്ന പരാതിയില്‍, കോഴിയുടെ ഉടമ കടവില്‍ ജലീലിനെതിരെ ഏലൂര്‍ പോലീസാണ് കേസെടുത്തത്.
മഞ്ഞുമ്മലില്‍ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യയെയും സന്ദര്‍ശിക്കാന്‍ ആലുവയില്‍നിന്നു മകളും കുടുംബവും എത്തിയിരുന്നു. അവരുടെ കുട്ടിയെയാണ് കോഴി ആക്രമിച്ചത്.
കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിന്മാറിയില്ല. കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴേക്കും കൊത്ത് കൊണ്ട് കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു.
കണ്ണിനു തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തില്‍ മുറിവേറ്റു. കുഞ്ഞിനെ ഉടന്‍ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊത്ത് കാഴ്ചയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
അതേസമയം ഈ കോഴി മുന്‍പും ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും വീട്ടു മുറ്റത്തു നില്ക്കുന്ന മുതിര്‍ന്നവരെ പോലും ആക്രമിക്കാന്‍ മടി കാണിക്കാറില്ലെന്നും പരാതിയില്‍ പറയുന്നു.
ഈ വിവരം കോഴിയുടെ ഉടമയെ അറിയിക്കുകയും കൂട്ടിലിട്ടു വളര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അവഗണിച്ചു കോഴിയ തുറന്നു വിട്ടതാണ് അപകടമുണ്ടാക്കിയതെന്നും പരാതിക്കാരന് പറയുന്നു.