ചെവിയിലും മൂക്കിലുമെല്ലാം ജീവികള്‍ കയറിപ്പോകുന്നത് സാധാരണയാണ്. എന്നാല്‍ അങ്ങനെ വരുമ്പോഴത്തെ അവസ്ഥ വര്‍ണ്ണനാതീതമാണ്. അസ്വസ്ഥത കാരണം നില്‍ക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയായിരിക്കും ആ സമയത്ത്. ലീ ക്വയാന് എന്ന ചൈനക്കാരനും ഇത്തരത്തിലുള്ള ഒരു അബദ്ധം പറ്റി. അറുപതുകാരനായ ക്വയാന്റെ ചെവിയില്‍ ഒരു പാറ്റ കടന്നുകൂടി. സമയം മുന്നോട്ട് പോകുന്തോറും അസ്വസ്ഥത കൂടിക്കൂടി വന്നു. ആദ്യം വിരലിട്ടു നോക്കി. പിന്നീട് ചെവിത്തോണ്ടി ഉപയോഗിച്ച് പുറത്തിറക്കാന്‍ ശ്രമം നടത്തി. അതും നടന്നില്ല. പിന്നീട് ടൂത്ത് പിക്ക് ഉപയോഗിച്ച് പാറ്റയെ പുറത്തിറക്കാന്‍ നോക്കി. രക്ഷപെട്ടില്ല. ഒരാഴ്ചത്തോളം ഇങ്ങനെ പലവിധ പരീക്ഷണങ്ങളുമായി കടന്നുപോയി. അസ്വസ്ഥത ഒട്ടും സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ അറ്റകൈ പ്രയോഗം നടത്താന്‍ തീരുമാനിച്ചു. അങ്ങനെ ഹിറ്റ് പോലുള്ള ഒരു കീടനാശിനി എടുത്ത് ചെവിയില്‍ അടിച്ചു.
സംഗതി സക്സസ് ആയി. പാറ്റ തല്‍ക്ഷണം ചത്തു. പക്ഷേ അതോടെ പ്രശ്നങ്ങള്‍ അവസാനിക്കുകയല്ല, തുടങ്ങുകയാണ് ചെയ്തത്. കാരണം ചത്ത പാറ്റയെ ചെവിയില്‍ നിന്ന് പുറത്തിറക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല, കീടനാശിനിയുടെ അലര്‍ജി കാരണം ചെവി ചുവന്ന് തടിച്ച് ചൊറിച്ചിലും ആരംഭിച്ചു. ഒടുവില്‍ ആശുപത്രിയിലേയ്ക്ക് പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. അവിടെ വച്ച് മൈനര്‍ സര്‍ജറി നടത്തി പാറ്റയെ പുറത്തെടുത്തു. തണുപ്പുള്ള സമയത്ത് പാറ്റകള്‍ ചൂടുള്ള ഇരുണ്ട സ്ഥലങ്ങള്‍ നോക്കിപ്പോകുന്നത് പതിവാണ്. മാത്രമല്ല, ചെവിയിലെ മെഴുകിന്റെ മണവും പാറ്റകളെ ആകര്‍ഷിക്കും. അങ്ങനെയാണ് പാറ്റകള്‍ ചെവിയില്‍ കയറുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ എന്തെങ്കിലുമൊക്കെ വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പരീക്ഷണങ്ങള്‍ നടത്താതെ ശുദ്ധമായ വെളിച്ചെണ്ണ ഒഴിക്കുകയാണ് ആദ്യം വേണ്ടതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മറ്റ് മാര്‍ഗങ്ങള്‍ ചെവിയുടെ സെന്‍സിറ്റീവ് ആയ ത്വക്കിനെ ബാധിയ്ക്കുകയും കേഴ്വി ശക്തിയെ ബാധിക്കുകയും ചെയ്യും.