ഗോരഖ്പുർ: പ്രണയിച്ചതിനുള്ള ശിക്ഷയായി ഉത്തർപ്രദേശിൽ പെൺകുട്ടിയേയും ആൺകുട്ടിയേയും ഗ്രാമീണർ പരസ്യമായി അപമാനിച്ചു.
കൗമാരക്കാരായ കമിതാക്കളുടെ മുഖത്ത് കരിപുരട്ടിയ ശേഷം നിർബന്ധിപ്പിച്ച് ഷൂ മാല ധരിപ്പിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു.
ബസ്തി ജില്ലയിൽ ഗൗർ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം.
ആൺകുട്ടിയും പെൺകുട്ടിയും പ്രണയത്തിലാണെന്നും അതിനുള്ള ശിക്ഷയാണിതെന്നും വിളിച്ചറിയിച്ച് കൊണ്ടായിരുന്നു ഗ്രാമവാസികൾ പരസ്യമായി അപമാനിച്ചത്.
ആൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പതിമൂന്നു പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഐപിസി സെക്ഷൻ 147, 149, 323, 504, 506, 355, 2015 ലെ ജുവനൈൽ ജസ്റ്റീസ് ആക്ട് , 74, 75 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.
വളരെ നിർഭാഗ്യകരമായ സംഭവമാണെന്ന് എഎസ്പി ദീപേന്ദ്ര ചൗധരി പറഞ്ഞു. ദമ്പതികൾ ഒരേ സമുദായക്കാരാണ്.
സംഭവത്തിൽ കേസെടുത്തതായും പ്രതികളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.