കോട്ടയം: വിലയിലെ അസ്ഥിരത കൊക്കോ കര്‍ഷകര്‍ക്കു തിരിച്ചടിയായി. മേയില്‍ കിലോയ്ക്ക് 1,070 രൂപയിലേക്ക് ഉയര്‍ന്ന ഉണക്ക കൊക്കോക്കുരു വില 300 രൂപയിലേക്ക് ഇടിഞ്ഞു. 400 രൂപയ്ക്കു മുകളില്‍ വ്യാപാരം നടന്ന പച്ചക്കൊക്കോയുടെ ഇപ്പോഴത്തെ വില 70 രൂപ. വന്‍കിട കമ്പനികള്‍ വിപണി വിട്ടതോടെയാണ് കൊക്കോയ്ക്ക് തിരിച്ചടിയായത്.
കൊക്കോയുടെ റിക്കാര്‍ഡ് വിലക്കുതിപ്പില്‍ പ്രതീക്ഷവച്ച ഒട്ടേറെ കര്‍ഷകര്‍ റബര്‍ ഒഴിവാക്കി ഇക്കൊല്ലം കൊക്കോ നട്ടു. ഒരു വിഭാഗം കര്‍ഷകര്‍ കര്‍ണാടകത്തിലും കൊക്കോ കൃഷി തുടങ്ങി. നോക്കി നില്‍ക്കെ കൊക്കോ വില താഴുകയും റബറിന് വില കയറുകയും ചെയ്തു.
അതേസമയം വിദേശ വിപണിയില്‍ ഡിമാര്‍ഡ് വര്‍ധിച്ചാല്‍ വില ഇനിയും കയറുമെന്നാണ് സൂചന. ചോക്ലേറ്റ് വിപണി സാധ്യത മുന്‍നിറുത്തിയാല്‍ ഉണക്കക്കൊക്കോയ്ക്ക് 500 രൂപ സ്ഥിരമായി ലഭിക്കേണ്ടതാണ്.
മാത്രവുമല്ല പ്രമുഖ ഉത്പാദകരാജ്യങ്ങളായ ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളില്‍ ഈ സീസണില്‍ ഉത്പാദനം കുറവുമാണ്. വാനില, കൊക്കോ തുടങ്ങിയ കൃഷികള്‍ക്ക് ആഗോളതലത്തില്‍ ആവശ്യക്കാരേറെയുണ്ടെങ്കിലും വില സ്ഥിരത ഉറപ്പാക്കുന്നതില്‍ സംവിധാനമില്ലാത്തതാണു തിരിച്ചടിയാകുന്നത്.