തൃശൂർ : ആഘോഷമായി കൊണ്ടാടാനൊരുങ്ങുകയാണ് 19ന് കൊക്കോ ഡേ. കൊക്കോ എന്ന കാർഷികവിളയെ കുറിച്ച് പഠിക്കുകയും ഗവേഷണ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന തൃശൂരിലെ കൊക്കോ ഗവേഷണ കേന്ദ്രം വികസനമുന്നേറ്റത്തിന്റെ പുതിയ വഴിയിലൂടെ യാത്ര തുടരുകയാണ്.
കൊക്കോ കൃഷി നേരിടുന്ന പുതിയ കാലാവസ്ഥ പ്രശ്നങ്ങളെയടക്കം തരണം ചെയ്യാനുള്ള പുതിയ ഗവേഷണങ്ങളും വെള്ളാനിക്കരയിൽ നടക്കുന്പോൾ ഇന്ത്യൻ കൊക്കോ വിപണിയുടെ ശ്രദ്ധ ഇവിടേക്കാണ് പതിയുന്നത്.1970ൽ ലോക ബാങ്കിന്റെ സാന്പത്തിക സഹായത്തോടുകൂടി ആരംഭിച്ച കൊക്കൊ ഗവേഷണ പദ്ധതി 1987 മുതൽ കാഡ്ബറി (മൊണ്ടലിസ്) യുമായുള്ള സഹകരണ പദ്ധതിയായി മാറി.
കഴിഞ്ഞ 36 വർഷമായി ഈ ഗവേഷണം നല്ല രീതിയിൽ നടന്നു വരികയും ചെയുന്നു. ഇന്ത്യയിൽ പബ്ലിക് പ്രൈവറ്റ് സഹകരണത്തിൽ ഇത്രയും ദീർഘമായ ഒരു പദ്ധതി വേറെ ഇല്ല. 23 രാജ്യങ്ങളിൽ നിന്നുള്ള കൊക്കൊ ഇനങ്ങൾ ഉൾപ്പെടെ ഏഷ്യയിലെ ഏറ്റവും വലിയ ജനിതക ശേഖരം ഇവിടെ പരിപാലിച്ചു വരുന്നു.
ഇത്രയും ബൃഹത്തായ ജനിതക ശേഖരമാണ് ഈ ഗവേഷണ പദ്ധതിയുടെ അടിസ്ഥാന ശില. ഈ ജനിതക ശേഖരം ഉപയോഗിച്ച് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ 15 അത്യുല്പാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുത്തു.
ഇന്ന് ഇന്ത്യയിൽ വച്ച് പിടിപ്പിച്ചിട്ടുള്ള 90 ശതമാനം തോട്ടങ്ങളിലും വെള്ളാനിക്കരയിൽ വികസിപ്പിച്ചെടുത്ത ഇനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത് എന്നതാണ് ഈ ഗവേഷണ പദ്ധതിയുടെ ഏറ്റ്വും വലിയ അംഗീകാരം.
കൊക്കൊ ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിന് വേണ്ട സാങ്കേതിക വിദ്യ, പ്രാഥമിക സംസ്ക്കരണം, ചെറുകിട രീതിയിൽ ചോക്ലേറ്റ് ഉൽപ്പാദനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി . അത്യുൽപ്പാദനശേഷിയുള്ള നടീൽ വസ്തുക്കളുടെ ഉൽപ്പാദനം, കർഷകർക്കും സംരംഭകർക്കും സാങ്കേതിക വിദ്യ പകർന്ന് നൽകുന്നതിന് വേണ്ട പരിശീലന പരിപാടികൾ സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.
വിപുലമായ ഭാവി പരിപാടികൾ
കൊക്കൊ കൃഷി വ്യാപകമാകുന്ന സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാൻ കഴിവുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ട ഗവേഷണ പദ്ധതികൾ പുതിയതായി തുടങ്ങിയിട്ടുണ്ട്. അതിന് വേണ്ട പുതിയ സാങ്കതിക വിദ്യകൾ ഉപയോഗിക്കുന്നതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ കൊക്കൊയുടെ വിവിധ രോഗങ്ങൾ കീടങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ കഴിവുള്ള അത്യുൽപാദനശേഷിയുള്ള ആറ് ഇനങ്ങൾ പുറത്തിറക്കാൻ തയ്യാറായിട്ടുണ്ട്. അങ്ങനെ കൊക്കൊ കൃഷി നേരിടുന്ന ഏത് വെല്ലു വിളികളേയും ശാസ്ത്രീയമായി നേരിടാനുള്ള വിഭവ ശേഷിയും ഗവേഷണ അടിത്തറയും ദീർഘ കാലത്തെ ഗവേഷണത്തിലൂടെ ഈ കേന്ദ്രത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
ലോകത്ത് മറ്റ് ഗവേഷണ കേന്ദങ്ങളോട് കിട പിടിക്കുന്ന ഗവേഷണ ഫലങ്ങൾ വികസിപ്പിച്ചെടുക്കാനും ലോകശ്രദ്ധ ആകർഷിക്കാനും കഴിഞ്ഞിട്ടുണ്ട്.
കൊക്കോ ഡേ ആഘോഷം
കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെള്ളാനിക്കരയിലുള്ള കൊക്കൊ ഗവേഷണ കേന്ദ്രവും കശുമാവ് കൊക്കൊ വികസന ഡയറക്ടറേറ്റ്, മൊണ്ടലിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് കൊക്കൊ ദിനം ആഘോഷിക്കുന്നത്. വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തിലാണ് ആഘോഷ പരിപാടികൾ. 19 ന് രാവിലെ 10 ന് ജില്ലാ കളക്ടർ വി. ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. മധു സുബ്രമണ്യൻ അധ്യക്ഷനായിരിക്കും.കുഫോസ് വൈസ് ചാൻസലർ ഡോ. പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.
സ്വന്തം ലേഖകൻ