മുംബൈ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അമേരിക്കൻ ബിവറേജസ് കന്പനിയായ കൊക്ക കോളയ്ക്ക് വരുത്തിവച്ചത് ഏകദേശം 400 കോടി ഡോളറിന്റെ നഷ്ടം.
യൂറോകപ്പിലെ പോർച്ചുഗൽ- ഹംഗറി പോരാട്ടത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിനിടെയാണ്, ടൂർണമെന്റിന്റെ സ്പോണ്സർകൂടിയായ കൊക്ക കോളയുടെ വിപണിമൂല്യത്തിൽ ഇടിവുണ്ടാക്കിയ സംഭവം.
പത്രസമ്മേളനം തുടങ്ങുന്നതിനു മുന്പായി ക്രിസ്റ്റ്യാനോ തന്റെ മുന്നിലുണ്ടായിരുന്ന രണ്ടു കൊക്കകോള കുപ്പികൾ മാറ്റിവച്ച് കുടിവെള്ളക്കുപ്പി ഉയർത്തിക്കാട്ടിയശേഷം അക്വ(വെള്ളം) എന്ന് ഉറക്കെപറഞ്ഞതാണു കന്പനിക്കു മാനഹാനിയുണ്ടാക്കിയത്.
ഇതേത്തുടർന്ന് കന്പനിയുടെ ഓഹരിവില 56.10 ഡോളറിൽനിന്ന് 55.22 ഡോളർ ആയി ഇടിയുകയും കന്പനിയുടെ വിപണിമൂല്യം 24200 കോടി ഡോളറിൽനിന്ന് 23800 കോടിഡോളർ ആയി താഴുകയും ചെയ്തു.
കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കി ശുദ്ധജലം കുടിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ താരം നൽകിയതെന്ന വ്യാഖ്യാനവും സമൂഹമാധ്യമങ്ങളിൽ വൈറലായി.
സംഭവത്തിനു പിന്നാലെ, എല്ലാവർക്കും അവരവുടെ ഇഷ്ടമനുസരിച്ച് പാനീയങ്ങൾ തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും ആളുകളുടെ അഭിരുചികളിൽ വ്യത്യാസമുണ്ടെന്നും കൊക്ക കോള പ്രസ്താവനയിറക്കിയെങ്കിലും ഓഹരിവില തിരിച്ചുകയറിയില്ലെന്നാണ് റിപ്പോർട്ട്.
നേരത്തെയും ജങ്ക് ഫുഡിനും കാർബണേറ്റഡ് പാനീയങ്ങൾക്കുമെതിരേ ക്രിസ്റ്റ്യാനോ രംഗത്തുവന്നിട്ടുണ്ട്. തന്റെ മകൻ ഇടയ്ക്ക് കൊക്കകോളയും മറ്റു ജങ്ക് ഫുഡുകളും ഉപയോഗിക്കാറുണ്ടെന്നും അതു തനിക്കിഷ്ടമില്ലെന്നും ക്രിസ്റ്റ്യാനോ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.