സി.അനിൽകുമാർ
പാലക്കാട്: ജലാവകാശത്തിനുവേണ്ടി അഹോരാത്രം പോരാടുകയും പ്രതിസന്ധികളെ തരണം ചെയ്യുകയും ചെയ്ത പ്ലാച്ചിമടക്കാർക്ക് ഒടുവിൽ നീതിയുടെ രണ്ടാംവിജയം. കോള കന്പനി പ്ലാച്ചിമടയിൽ ഇനി തുറന്നു പ്രവർത്തിക്കാനില്ലെന്ന് കോളകന്പനി അഭിഭാഷകൻ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചതോടെയാണ് ഒരുനാട് സമരപരന്പരകൾക്കൊടുവിൽ വിജയത്തിന്റെ തിരുമധുരം നുണഞ്ഞത്. ലോകത്തിലാദ്യമായി ജലചൂഷണത്തിനെതിരെ പോരാടി വിജയം കണ്ട നാടായാണ് പാലക്കാട്ടെ പ്ലാച്ചിമട അറിയപ്പെടുന്നത്. പ്രത്യേകിച്ചും ആഗോള ജലചൂഷകൻമാരായ കൊക്കകോളയെ പടിക്കു പുറത്താക്കിക്കൊണ്ട്.
പക്ഷേ, നിയമപോരാട്ടങ്ങളും സമരതീക്ഷ്ണതകളും കന്പനിയും നാട്ടുകാരും സമാന്തരമായി തുടർന്നുപോന്നിരുന്നു. ഇതിനൊടുവിലാണ് 15 വർഷത്തെ പോരാട്ടത്തിനു ഫലപ്രാപ്തികുറിച്ച് കോള കന്പനി പിൻവാങ്ങുന്നത്. ഇനി പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ കൊക്കകോള കന്പനി പ്രവർത്തിക്കില്ല. അതേസമയം, പോരാട്ടങ്ങളുടെ സാക്ഷ്യപത്രമായി കന്പനിക്കു മുന്നിലുള്ള സമരക്കാരുടെ പന്തൽ അന്തിമവിജയത്തിന്റെ കീരീടമായി നിലനിൽക്കുകയും ചെയ്യും.
പ്ലാച്ചിമട പഞ്ചായത്തിലെ 40 ഏക്കർസ്ഥലത്ത് കൊക്കകോള കന്പനി പ്രവർത്തനം ആരംഭിച്ചത് 2000ത്തിലാണ്. അന്നുമുതൽ ഇന്നുവരെ പ്ലാച്ചിമട ജലചൂഷണത്തിന്റെ മുറിവുകളുമായി നീറിക്കഴിയുകയായിരുന്നു.നാടിന്റെ ജലകണങ്ങളേയും മറ്റു പ്രകൃതിസന്പത്തുകളേയും കന്പനിയുടെ പ്രവർത്തനം മലിനമാക്കിയതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. ഫലത്തിൽ കുടിക്കാനോ കുളിക്കാനോപോലും പറ്റാത്ത വെള്ളമാണ് ഇവിടത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും അന്നും ഇന്നുമുള്ളത്.
വിജയനഗർ കോളനി, പ്ലാച്ചിമട കോളനി, രാജുനഗർ, വേലൂർ, മാധവമൂത്താർപതി, കൊച്ചിക്കാട്, തൊട്ടിച്ചിപ്പതി തുടങ്ങി പത്തോളം കോളനികളിലുള്ള അഞ്ഞൂറിലധികം കുടുംബങ്ങൾ ഇതിന്റെ ദുരിതം പേറുകയാണ്. ഇവരുടെയെല്ലാം വീടുകളിൽ കിണറുകളുണ്ട്. ഇതിൽ വെള്ളവുമുണ്ട്. എന്നാൽ ഇതൊന്നും ഉപയോഗിക്കാനാവാത്ത അവസ്ഥ. നിറയെ പായലും. വെള്ളത്തിനു പുളിരസവും. ഇനി വെള്ളം തിളപ്പിച്ചാലോ പതഞ്ഞുയരും.
ഇതോടെയാണ് ആദിവാസികളുൾപ്പടെയുള്ള നാട്ടുകാർ കന്പനിക്കെതിരെ സമരത്തിനിറങ്ങിയത്. അത് 2002 ലായിരുന്നു. ലോകശ്രദ്ധയാകർഷിച്ച സമരത്തിനൊടുവിൽ 2003ൽ കന്പനി അടച്ചൂപൂട്ടി. പക്ഷേ, കന്പനിവരുത്തിയ ദുരിതത്തിനെതിരെ നാട്ടുകാരുടെ സമരം പതിനഞ്ചാംവർഷം കടന്നിട്ടും തുടർന്നുവരികയായിരുന്നു. അതിനു കാരണം പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ എന്ന ആശ്രയമായിരുന്നു.
എന്നാൽ, കേന്ദ്രം ഇത് നിഷ്കരുണം തള്ളിയപ്പോഴും പ്ലാച്ചിമടക്കാർ പരിസ്ഥിതിവാദികളുടെയും സാമൂഹിക,രാഷ്ട്രീയപ്രവർത്തകരുടെയും പിന്തുണയോടെ സമരം പതിവുപോലെ തുടർന്നുവന്നു.പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതിയും, ഐക്യദാർഢ്യ സമിതിയുമാണ് സമരത്തിനു നേതൃത്വം നല്കിയിരുന്നത്. പെരുമാട്ടി ഗ്രാമ പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ്, കോള കന്പനി എന്നിവരുടെ എട്ടു കേസുകളാണ് നിലവിൽ സുപ്രീം കോടതിയിലുണ്ടായിരുന്നത്.
നിലവിലുള്ള എട്ടു കേസുകളും ഡിസ്പോസ് ചെയ്തതായി സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെയാണ് കൊക്കകോള കന്പനി ശാശ്വതമായി അടച്ചുപൂട്ടുന്നത്. 2004ൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസാണ് കന്പനിക്ക് വിഘാതമായതും നാടിനെ രക്ഷിച്ചതും. പഞ്ചായത്ത് നിർദേശിച്ച മാനദണ്ഡങ്ങളിൽ പലതിനേയും കാറ്റിൽപറത്തിയായിരുന്നു കന്പനി പ്രവർത്തിച്ചിരുന്നതും. പ്രതിദിനം 15 ലക്ഷം ലിറ്ററോളം വെള്ളമായിരുന്നു കന്പനി ഉൗറ്റിയെടുത്തിരുന്നതെന്നു സമരക്കാരും പറയുന്നു.
ഇതോടെയാണ് കിണറുകളിലും മറ്റും ജലനിരപ്പും പാടെ താണത്. വളമെന്ന പേരിൽ കൃഷിക്കാർക്കു നൽകിയ ഖരമാലിന്യം മൂലം മണ്ണുപോലും മലിനമായെന്ന ു നാട്ടുകാർ പറയുന്നു. മണ്ണിൽ കാഡ്മിയത്തിന്റെയും ഈയത്തിന്റെയും അംശം കേന്ദ്രമലിനീകരണനിയന്ത്രണബോർഡും ബിബിസിയും വരെ ശരിവച്ചിരുന്നു. തുടർന്നാണ് നഷ്ടപരിഹാരത്തിനുവേണ്ടി വീണ്ടും പ്ലാച്ചിമടക്കാർ സമരം തുടർന്നത്. സമരരംഗത്തു തീപ്പൊരിയായി നിന്ന മയിലമ്മയുടെ വിയോഗവും സമരക്കാർ ഇപ്പോഴും നെഞ്ചിലേറ്റുന്നു.
അതേസമയം, ഇന്നും കുടിക്കാൻ ഇവർക്കു വെള്ളത്തിന് ടാങ്കർലോറിയേയും കുന്നംകാട്ടുപതി കുടിവെള്ള പദ്ധതിപ്രകാരമുള്ള വെള്ളത്തിനേയും ആശ്രയിക്കണം. അതു ലഭിക്കാൻതന്നെ ആയിരങ്ങൾ ചെലവഴിച്ചു. ആഴ്ചയിലൊരിക്കലോ ഇടവിട്ടോ മാത്രമേ ഈ വെള്ളം ലഭിക്കൂ. ജലസംരക്ഷണത്തിനുവേണ്ടി പോരാടി ലോകമാകെ ശ്രദ്ധിക്കപ്പെട്ട നാടിനാണ് ഈ അവസ്ഥ. കൃഷിയിൽ ഉപജിവനംകണ്ടെത്തിയ നാട് ഇന്നു കൃഷിയെല്ലാം ഉപേക്ഷിക്കപ്പെട്ട് തരിശായി കിടക്കുന്നു.
എങ്കിലും കന്പനിയെ പാടെ പടിക്കുപുറത്താക്കിയത് ആഘോഷിക്കാനും നാട് മറന്നില്ല. മാർച്ചും ധർണയും ആട്ടവും പാട്ടവുമായി ഇന്നലെ പ്ലാച്ചിമടയിൽ ആഘോഷം നീണ്ടുനിന്നു. ഇനി അവർക്കു പ്രതീക്ഷ പ്ലാച്ചിമട ട്രൈബ്യൂണൽ ബില്ലിലെ സംസ്ഥാന സർക്കാരിന്റെ നിലപാടുമാത്രം.