കൽപ്പറ്റ: ചട്ടങ്ങൾ ലംഘിച്ച് വെളിച്ചെണ്ണ വിൽപ്പന നിരോധിക്കുകയും ഇതു സംബന്ധിച്ച് വാർത്ത നൽകുയും ചെയ്ത വയനാട് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ പി.ജെ. വർഗീസിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്നു കുക്കീസ് വെളിച്ചെണ്ണ ഉത്പാദകരായ പെരിന്തൽമണ്ണ കൊക്കോ പാർക്ക് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
നിരോധനത്തെത്തുടർന്നു വൻതോതിൽ വെളിച്ചെണ്ണ നശിപ്പിക്കേണ്ടിവന്നതിനും സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തിയിതിനും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്യുന്നത്. ഉദ്യോഗസ്ഥനെതിരെ നടപടിയും ആവശ്യപ്പെടും.
18 വർഷമായ നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കൊക്കോ പാർക്ക്. കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികളുടെ പരിശോധനയിൽ ഗുണനിലവാരത്തിൽ മികച്ചെതെന്നു വ്യക്തമായതാണ് കൊക്കോ പാർക്കിന്റെ കുക്കീസ് വെളിച്ചെണ്ണ. ഈ ഉത്പന്നത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിനു തത്പര കക്ഷികളുടെ ഹിതത്തിനൊത്ത് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ പ്രവർത്തിച്ചുവെന്നു സംശയിക്കണം.
കൊക്കോ പാർക്ക് കർഷകരിൽനിന്നു നേരിട്ടു സംഭരിക്കുന്ന കൊപ്രയുടെ ഒന്നാം ക്രഷ് വെളിച്ചെണ്ണയാണ് കുക്കീസ്. അസിസ്റ്റന്റ് കമ്മീഷണർ മുൻകൈയെടുത്തു നടത്തിയ പരിശോധനയിൽ കുക്കിസിന്റെ 74-ാം ബാച്ച് വെളിച്ചെണ്ണയ്ക്കു ഗുണനിലവാരം ഇല്ലെന്നു ആരോപിച്ചാണ് വിൽപ്പന വിലക്കിയത്. ബത്തേരി കോളിയാടിയിലെ കടയിൽനിന്നുശേഖരിച്ച സാംപിളാണ് ലാബിൽ പരിശോധയ്ക്കു വിധേയമാക്കിയത്.
പരിശോധനാഫലം ഉത്പാദകരെ അറിയിക്കാതെ വെളിച്ചെണ്ണ വ്യാപാര രംഗത്തുള്ള ചിലർക്കു അസിസ്റ്റന്റ് കമ്മീഷണർ രഹസ്യമായി നൽകി. കുക്കീസ് ബ്രാൻഡിലുള്ള മുഴുവൻ വെളിച്ചെണ്ണയുടെയും വിൽപ്പന നിരോധിച്ചതായി അദ്ദേഹം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പു മുഖേന വാർത്ത നൽകി. കുക്കീസ് വെളിച്ചെണ്ണ സ്റ്റോക്ക് ചെയ്യുന്നവരെയും വിൽക്കുന്നതവരെയും ശിക്ഷിക്കുമെന്നും വാർത്തയിലുണ്ടായിരുന്നു.
നിലവാരം മെച്ചപ്പെടുത്തണമെന്നു ആവശ്യപ്പെട്ടു ഉത്പാദകർക്കു നോട്ടീസ് നൽകാൻ അസിസ്റ്റന്റ് കമ്മീഷണർ തയാറായില്ല. വിൽപ്പന നിരോധിച്ചതിനെത്തുടർന്നു ആയിരക്കണക്കിനു ലിറ്റർ വെളിച്ചെണ്ണയാണ് വിപണിയിൽനിന്നു പിൻവലിച്ചു നശിപ്പിക്കേണ്ടിവന്നത്. ഉടമകൾ കഠിനപ്രയത്നത്തിലൂടെ വളർത്തിയ സ്ഥാപനത്തിന്റെ സത്പേരും തകർന്നു.
ഫുഡ് സേഫ്റ്റി അഥോറിറ്റിയുടെയും ഐഎസ്ഒയുടെയും മാനദണ്ഡങ്ങൾ പാലിച്ചും കേന്ദ്ര സർക്കാർ അംഗീകൃത ലാബിൽ പരിശോധിച്ച് ഗുണമേ· ഉറപ്പുവരുത്തിയുമാണ് കുക്കീസ് വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുന്നത്. 74-ാം ബാച്ചിൽ ഉത്പാദിപ്പിച്ച വെളിച്ചെണ്ണയുടെ രണ്ടാം സാംപിൾ പരിശോധിക്കണമെന്നും ഫലം വരുന്നതുവരെ നിരോധനം നിർത്തിവയ്ക്കണമെന്നും സ്ഥാപനം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്നു സ്ഥാപനം സമീപിച്ചതിനെത്തുടർന്നു വിഷയത്തിൽ 10 ദിവസത്തിനകം തീരുമാനമെടുക്കാൻ സെപ്റ്റംബർ 11നു ഹൈക്കോടി ഉത്തരവായി.
എന്നാൽ ഒരു മാസമായിട്ടും തീരുമാനം ഉണ്ടായില്ല. സ്ഥാപനം പണമടച്ച് ആവശ്യപ്പെട്ടതനുസരിച്ച് രണ്ടാം സാംപിൾ പൂനയിലെ റഫറൽ ലാബിൽ പരിശോധിച്ചപ്പോൾ മെച്ചപ്പെട്ട ഗുണനിലവാരം ഉള്ളതാണെന്നാണ് തെളിഞ്ഞത്. ഇതേത്തുടർന്നു അസിസ്റ്റന്റ് കമ്മീഷണർ നിരോധന ഉത്തരവ് പിൻവലിച്ചെങ്കിലും സ്ഥാപനത്തിനുണ്ടായ കഷ്ടനഷ്ടങ്ങൾ അതേപടി നിലനിൽക്കുകയാണെന്നു മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.