വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: നാടൻതേങ്ങയുടെ വില പലയിടത്തും കിലോയ്ക്ക് 65 രൂപ കടന്നു. തമിഴ്നാട്ടിൽ നിന്നെത്തുന്ന ഒരു കിലോതേങ്ങയ്ക്ക് ഇന്നലെ പാലക്കാട്ട് 50 രൂപയും തിരുവനന്തപുരം ചാലയിൽ 53 രൂപയുമാണ് മൊത്തവില. ചാലയിലെ ചില്ലറവില 60 രൂപയായി ഉയർന്നു. അതേസമയം ഗ്രാമങ്ങളിൽ നാടൻതേങ്ങവില ചിലയിടങ്ങളിൽ 70 രൂപയ്ക്കു മേലേയായി.കഴിഞ്ഞ വർഷം ഇതേസമയം ഒരു കിലോ തേങ്ങയ്ക്ക് 120-130 രൂപയായിരുന്നു വില. ഇതാണ് ഇരട്ടിയിലേറെയായി കൂടിയത്. നല്ല ഒരു തേങ്ങയ്ക്ക് 40 രൂപയ്ക്കുമേൽ വിലയുണ്ട്. വെളിച്ചെണ്ണവില കിലോയ്ക്ക് 220 രൂപ കടന്നു.
തമിഴ്നാട്ടിൽ നിന്ന് പ്രതിദിനം 40 ലോഡ് വെളിച്ചെണ്ണ എത്തിയിരുന്നത് 30 ലോഡായി കുറഞ്ഞതായി കൊച്ചിയിലെ വ്യാപാരികൾ പറയുന്നു. തിരുവനന്തപുരം ചാലയിൽ ദിവസം നാല് ലോഡ് തേങ്ങ തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ നിന്നെത്തിയിരുന്നു. വരൾച്ചകാരണം ഉത്പാദനം കുറഞ്ഞതോടെ തേങ്ങയുടെ വരവ് നിലച്ചു. ഇപ്പോൾ പൊള്ളാച്ചിയിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് തേങ്ങയെത്തുന്നതെന്ന് ചാലയിലെ മൊത്ത വ്യാപാരി പറഞ്ഞു.ഭക്ഷ്യാവശ്യത്തിന് തേങ്ങയുടേയും വെളിച്ചെണ്ണയുടേയും വില ഉയർന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുകയാണ്. എന്നാൽ ഉത്പാദനം നാലിലൊന്നായി ചുരുങ്ങിയതിനാൽ വിലകൂടിയതിന്റെ നേട്ടം കർഷകരിൽ എത്തില്ലെന്ന് പാലക്കാട് നാളീകേര ഉത്പാദക കന്പനി ചെയർമാൻ പി. വിനോദ്കുമാർ പറഞ്ഞു.
മഴ കുറഞ്ഞതോടെ നാളീകേര ഉത്പാദനം കുറയുകയും കരിക്കിന്റെ ഉപയോഗം കൂടുകയും ചെയ്തു. നാളീകേരം കുറയാൻ ഇതും കാരണമായതായി ചൂണ്ടിക്കാട്ടുന്നു. ശബരിമല സീസണായതും വില കൂടാൻ കാരണമായിട്ടുണ്ട്.കഴിഞ്ഞവർഷത്തെ വരൾച്ച തെങ്ങുകൃഷിയെ കാര്യമായി ബാധിച്ചു. കഴിഞ്ഞ വർഷം 4500 തേങ്ങ ലഭിച്ചതോട്ടത്തിൽ ഇപ്പോൾ 1500 തേങ്ങ മാത്രമേ ലഭിച്ചുള്ളൂവെന്ന് ചിറ്റൂരിലെ കർഷകൻ പറഞ്ഞു. പാലക്കാട് ജില്ലയിൽ പടരുന്ന വെള്ളീച്ച രോഗം ചിറ്റൂരിൽ തേങ്ങ ഉത്പാദനം നാലിലൊന്നാക്കി കുറച്ചു.
വരൾച്ച കടുത്തതോടെ കാറ്റുവീഴ്ച രോഗം ബാധിച്ച തെങ്ങുകൾ തീരെയും ഫലം തരാതായി. വരൾച്ചയ്ക്കു പുറമേ തമിഴ്നാട്ടിലും കർണാടകത്തിലും വെള്ളീച്ചരോഗം നാളീകേര ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് വെള്ളീച്ചരോഗം ചിറ്റൂർവഴി പാലക്കാട് ജില്ലയിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം വിവിധ രാജ്യങ്ങളിലേക്കുള്ള പച്ചതേങ്ങ കയറ്റുമതി കൂടിവരികയാണ്.
ദക്ഷിണേന്ത്യയിൽ നിന്ന് മാസത്തിൽ 25 കണ്ടയ്നർ പച്ചതേങ്ങയാണ് കപ്പൽമാർഗം ചൈനയിലേക്ക് പോകുന്നത്. അറബിനാടുകളിലേക്കുള്ള പച്ചതേങ്ങ കയറ്റുമതിയും കൂടിയിട്ടുണ്ട്. വെളിച്ചെണ്ണയ്ക്കു പകരം ഗൾഫ് നാടുകളിലേക്ക് കൊപ്ര ഇറക്കുമതി തുടങ്ങിയത് ദക്ഷിണേന്ത്യയിലെ വെളിച്ചെണ്ണ ഉത്പാദനത്തെ ബാധിച്ചതായി ചൂണ്ടിക്കാട്ടുന്നു.തേങ്ങയുടെ വിലകൂടിയതോടെ തേങ്ങ വാങ്ങുന്നവരുടെ എണ്ണം കുറയുന്നതായി ചാലയിലെ മൊത്തകച്ചവടക്കാർ പറയുന്നു.