എടത്വ: കുട്ടനാട് അപ്പർ കുട്ടനാടൻ മേഖലകളിൽ തെങ്ങുകയറ്റ തൊഴിലാളി ക്ഷാമം രൂക്ഷം. തൊഴിലാളികളെ കിട്ടാത്തതിനാൽ തേങ്ങകൾ ഉണങ്ങി വീഴുക നിത്യസംഭവമായി. ഏക്കറുകണക്കിന് സ്ഥലത്ത് തെങ്ങു കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. പരന്പരാഗത തെങ്ങ് കയറ്റ തൊഴിലാളികൾ രംഗം വിട്ടതോടെ സർക്കാർ നാളീകേരവികസന ബോർഡിന്റെ മേൽനോട്ടത്തിൽ തെങ്ങുകയറാൻ യന്ത്രപരിശീലനം നൽകിയിരുന്നു.
ഏഴു ദിവസം പരിശീലനവും, 900 രൂപ സ്റ്റൈപെന്റും ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഈ മേഖലയിൽ പരിശീലനം ലഭിച്ചവർ കുറവാണ്. സംസ്ഥാനത്ത് 5000 യുവതി യുവാക്കൾക്ക് പരിശീലനം കൊടുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നേരത്തെ തെങ്ങ് ഒന്നിനു അഞ്ചു മുതൽ പതിനഞ്ചു രൂപ വരെയായിരുന്നു തെങ്ങ് കയറ്റ തൊഴിലാളികൾ കൂലിയായി ഈടാക്കിയിരുന്നത്. പിന്നീടത് ഇരുപത് രൂപ മുതൽ മുപ്പത് രൂപ വരെയും ഇപ്പോൾ അന്പതുരൂപയും മറ്റു ചെലവുമാണ് ഈടാക്കുന്നുണ്ട്.
ഇത്രയും തുക കൊടുത്താൽ തന്നെ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ്.തേങ്ങകൾക്ക് വില കുത്തനെ കുറഞ്ഞതും കേര കർഷകരെ ദുരിതത്തിലാക്കുന്നു. പരന്പരാഗത തെങ്ങുകയറ്റ തൊഴിലാളികൾ ഈ തൊഴിലിനോട് വിമുഖത കാണിക്കുന്നതും, പുതുതലമുറ ഈ രംഗത്തേക്ക് വരാൻ മടിക്കുന്നതുമാണ് തൊഴിലാളി ക്ഷാമം രൂക്ഷമാകാൻ കാരണം. കൃഷി ഭവനും, തദ്ദേശ സ്ഥാപനങ്ങളും വേണ്ടത്ര പരിഗണന നൽകി തെങ്ങുകയറ്റപരിശീലനം നൽകിയാൽ തൊഴിലാളിക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും.
തൊഴിലാളികളിൽ പലർക്കും ശാരീരിക അവശതകൾ കാരണം തൊഴിലെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. തെങ്ങു കയറ്റ യന്ത്രം ഉപയോഗിച്ചുള്ള പരിശീലനം എങ്ങുമെത്തിയിട്ടില്ല. ഇതിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ കൂടുതൽ പേർക്ക് പരിശീലനം നൽകണം. സർക്കാരിൽ നിന്ന് മതിയായ സംരക്ഷണമോ, സഹായമോ ലഭിക്കാത്തതാണ് ഈ മേഖലയിലേക്ക് ആരും കടന്നുവരാത്തതെന്ന് തെങ്ങു കയറ്റ തൊഴിലാളികൾ പറയുന്നു. കേരകർഷകരെയും ഒപ്പം തെങ്ങുകയറ്റ തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ തലത്തിൽ കർമപദ്ധതികൾ നടപ്പാക്കണമെന്നാവശ്യം ശക്തമാകുകയാണ്.