ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറിവച്ച മീനിനെക്കാൾ നാം വറുത്ത മീൻ ഇഷ്ടപ്പെടുന്നതിനു പിന്നിലും ഇതേ കാരണം തന്നെ.
എണ്ണ അളന്ന് ഒഴിക്കണം
സാധാരണയായി വീട്ടമ്മമാർ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയിൽ നിന്നെടുത്ത് ഒഴിക്കുകയാണ്. അതിൽ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്! എണ്ണ ഉപയോഗിക്കുന്പോൾ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ് കരുതണം. അളവറ്റ തോതിൽ എണ്ണ ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾനില കൂടും. ജീവിതശൈലീരോഗങ്ങൾ മനസറിയാതെ കൂടെയെത്തും.
ആവർത്തിച്ചു ചൂടാക്കിയ എണ്ണ ആരോഗ്യത്തിനു ഹാനികരം
ഒരിക്കൽ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേർത്ത് ഉപയോഗിക്കുന്ന ശീലവും വീട്ടമ്മമാർക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തിൽ മാറ്റിവയ്ക്കും. എണ്ണ തീരുന്പോൾ ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ ചെയ്യരുത്. റിപ്പീറ്റഡ് ഹീറ്റിംഗ് (ആവർത്തിച്ചു ചൂടാക്കൽ)പാടില്ല. അത്തരം എണ്ണ ആരോഗ്യത്തിന് ഹാനികരം.
* ഒരുദിവസം ഉപയോഗിച്ച എണ്ണ തൊട്ടടുത്ത ദിവസം കൊണ്ട് ഉപയോഗിച്ചു തീർക്കണം. പപ്പടം കാച്ചിയ എണ്ണ വേണമെങ്കിൽ ഒരു തവണയൊക്കെ കടുകുപൊട്ടിക്കാൻ ഉപയോഗിക്കാം. അതിനപ്പുറം അതിൽ പുതിയ എണ്ണ കൂടി ചേർത്ത് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
* കടുകുപൊട്ടിക്കാനും മറ്റും വളരെക്കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുളളൂ.
* എണ്ണ ധാരാളം അടങ്ങിയ ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ കുട്ടികളെ അനുവദിക്കരുത്. എന്നും വറുത്ത സാധനങ്ങൾ കുട്ടികൾക്കു കൊടുക്കരുത്. മുതിർന്നവരും ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ പാടില്ല. അളവു കുറച്ചു കഴിക്കുക. കുട്ടികൾക്കു മാതൃകയാവുക.
* റൈസ് ബ്രാൻഎണ്ണയും(തവിടെണ്ണ) സോയാബീൻ എണ്ണയും കടുകെണ്ണയുമാണ് എണ്ണകളിൽ പൊതുവെ ആരോഗ്യത്തിനു ഗുണകരം.കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ ഏറ്റവുമധികം ഉള്ളത്.
* വെളിച്ചെണ്ണയുടെ അളവു കുറയ്ക്കുക. അതിൽ 90 ശതമാനവും പൂരിത കൊഴുപ്പാണുളളത്. പാംഓയിൽ, വനസ്പതി ഇവയുടെ ഉപയോഗവും കുറയ്ക്കണം.
ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക.
പ്രായപൂർത്തിയായ ഒരാൾക്കു ദിവസം 4 ടീസ്പൂണ് എണ്ണ. 20 ഗ്രാം. പ്രായമേറിയവർക്കും 4 ടീസ് സ്പൂണ് എണ്ണ ആവശ്യമാണ്.
* പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണഉപയോഗത്തിന്റെ പരിധിയിൽ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളിൽക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്. അതിനാൽ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവിൽ കുറവു വരുത്തണം.
* എണ്ണയിൽ വെളളം വീണാൽ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്.
* ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സർക്കാരിന്റെ അനലിറ്റിക്കൽ ലാബിലുണ്ട്. മായം കലർന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം.
* ഒലീവ് എണ്ണ ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം.
ഒലീവ ്എണ്ണ ഹൃദയത്തിന്റെ സുഹൃത്ത്
ഒലീവ ്എണ്ണ ഒരു സാലഡ് ഓയിലാണ്. ഇറ്റാലിയൻസാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ സുഹൃത്താണ്. പക്ഷേ, വില കൂടുതലാണ്. അതിൽ ഒമേഗ 3 ധാരാളമുണ്ട്. വിറ്റാമിനുകളുണ്ട്. ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം.
വെർജിൻ ഒലീവ് ഓയിൽ സാലഡിന്റെ പുറത്ത് ഒഴിക്കാൻ മാത്രമേ പാടുളളൂ. റിഫൈൻഡ് ചെയ്ത ഒലീവ് ഓയിൽ മാത്രമേ ഡീപ്പ് ഫ്രൈക്ക്(എണ്ണയിൽ മുങ്ങിക്കിടക്കത്തക്കവിധം വറുക്കൽ) ഉപയോഗിക്കാവൂ.
വനസ്പതി അമിതമായി ഉപയോഗിക്കരുത്
വനസ്പതി ഹൈഡ്രോജനേറ്റഡ് ഓയിൽ ആണ്. വെജിറ്റബിൾ ഓയിൽ കേടുകൂടാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ വേണ്ടി ഹൈഡ്രജൻ കടത്തിവിട്ടു ഖരാവസ്ഥയിലേക്കു മാറ്റുന്ന പ്രക്രിയയാണു ഹൈഡ്രോജനേഷൻ.
അത്തരം എണ്ണയാണു ഹൈഡ്രോജനേറ്റഡ് ഓയിൽ. എല്ലാ ഹൈഡ്രോജനേറ്റഡ് ഓയിലും ട്രാൻസ് ഫാറ്റ് ആണ്. ട്രാൻസ് ഫാറ്റ് ശരീരത്തിന്റെ പ്രതിരോധശക്തി തകർക്കുന്നു. പ്രമേഹം വരാനും കൊളസ്ട്രോൾ കൂടാനും പ്രധാന കാരണം ഇതാണ്.
ബേക്കറി വിഭവങ്ങളിലാണ് ട്രാൻസ് ഫാറ്റ് ഏറ്റവും കൂടുതലുളളത്. അതിനാൽ വനസ്പതിയും വനസ്പതിയിൽ തയാർ ചെയ്ത വിഭവങ്ങളും അമിതമായി കഴിക്കുന്നത് ആരോഗ്യജീവിതത്തിന് ഹാനികരം
റിഫൈൻ ചെയ്യുന്പോൾ ചില വിറ്റാമിനുകൾ നഷ്ടമാകും
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയപുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. റിഫൈൻഡ്(സംസ്കരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ.
എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു. ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വൈറ്റമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്
* ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
* 25 വയസു കഴിയുന്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം. ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. വറുത്ത വിഭവങ്ങൾ ദിവസവും കഴിക്കരുത്. അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗ
ങ്ങൾ ചെറുപ്പത്തിൽതന്നെ പിടികൂടാതിരിക്കാൻ സഹായകം.
നെയ് റോസ്റ്റ് ശീലമാക്കേണ്ട!
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു. അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വിവരങ്ങൾ: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്