മലപ്പുറം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിരോധനം ഏർപ്പെടുത്തിയ വ്യാജ വെളിച്ചെണ്ണയുടെ ഉത്പാദനവും വിതരണവും ജില്ലയിൽ കർശനമായി തടയുമെന്നു ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജി. ജയശ്രീ അറിയിച്ചു.
നിരോധിത വെളിച്ചെണ്ണ മറ്റു ബ്രാൻഡിലും ഇതര സംസ്ഥാനങ്ങളിലെ വെളിച്ചെണ്ണ കന്പനികളുടെ പേരിലും മറ്റു എണ്ണകളോടൊപ്പം ചേർത്തും വ്യാജചിത്രങ്ങൾ പതിപ്പിച്ചും വിൽക്കുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കർശനമായി പരിശോധിക്കുന്നതിനും വെളിച്ചെണ്ണ ഉത്പാദക,വിതരണക്കാരുടെ വിവരം ശേഖരിക്കുന്നതിനുമായി ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസർമാരെ ചുമതലപ്പെടുത്തി.
പരിശോധനയിൽ നിരോധിത ബ്രാൻഡുകൾ കണ്ടെത്തുന്നപക്ഷം തുടർ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
വെളിച്ചെണ്ണ ഉത്പാദകരും വിതരണക്കാരും ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്നും ബ്രാൻഡ് രജിസ്ട്രേഷന്റെയും ഭക്ഷ്യ സുരക്ഷാ ലൈസൻസിന്റെയും ശരിപകർപ്പ് സ്ഥാപനത്തിൽ സൂക്ഷിക്കുകയും പരിശോധനകൾക്ക് വിധേയമാക്കുകയും വേണമെന്നും അവർ നിർദേശിച്ചു.
സംസ്ഥാനത്തെ വെളിച്ചെണ്ണ ഉത്പാദകർ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉപയോഗിച്ച് ഒരു ബ്രാൻഡ് നെയിമിലുളള വെളിച്ചെണ്ണ മാത്രമേ നിർമിക്കാവൂ.
സംസ്ഥാനത്തിനു പുറത്തു ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ സംസ്ഥാനത്തിനുള്ളിൽ വിതരണം ചെയ്യുന്നവർ ജില്ലാ അധികാരിയുടെ മുന്‍പാകെ രജിസ്റ്റർ ചെയ്യുന്നതിനു മുന്‍പു ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ മുൻകൂർ അനുമതി വാങ്ങണം.
അത്തരം സ്ഥാപനങ്ങളുടെ ഒരു ബ്രാൻഡു മാത്രമേ സംസ്ഥാനത്തിനുളളിൽ വിതരണം ചെയ്യാൻ അനുവദിക്കുകയുള്ളൂ.
മാർച്ച് അഞ്ചിനകം ജില്ലയിൽ ഉത്പാദനവും വിതരണവും നടത്തുന്ന വെളിച്ചെണ്ണയുടെ ബ്രാൻഡ് നെയിം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ മുന്‍പാകെ രജിസ്റ്റർ ചെയ്യണം.
രജിസ്റ്റര്‍ ചെയ്യാന്‍ വരുന്നവർ എഫ്എസ്എസ്എഐ ലൈസൻസ്,രജിസ്ട്രേഷൻ ശരിപകർപ്പ്, ബ്രാൻഡ് നെയിം തെളിയിക്കുന്നതിനുളള രേഖ, പഞ്ചായത്ത്, മുൻസിപ്പാലിറ്റി ലൈസൻസ് എന്നിവ ഹാജരാക്കണം.
മാർച്ച് 15ന് ശേഷം രജിസ്റ്റർ ചെയ്യാത്ത വെളിച്ചെണ്ണ ബ്രാൻഡുകൾ നിർമിക്കുകയോ, വിൽക്കുകയോ, സൂക്ഷിക്കുകയോ, വിതരണം ചെയ്യുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കും.
142 വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകളാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഇതുവരെ നിരോധിച്ചിട്ടുള്ളത്. നിരോധിത ഉത്പന്നങ്ങളുടെയും അംഗീകൃത ഉത്്പന്നങ്ങളുടെയും വിവരങ്ങൾ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.