തെങ്ങുമായ് ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരവുമായ് നാളികേര വികസന ബോർഡിന്റെ പദ്ധതി. തെങ്ങിന്റെ ചങ്ങാതിമാർ എന്ന കോൾ സെന്ററിലൂടെ ഇനി തേങ്ങയിടാൻ ആളെ കിട്ടിയില്ലെങ്കിലും പരിഹാരമുണ്ട്. പദ്ധതിയിൽ ഇതുവരെ 1552 പേർ രജിസ്റ്റർ ചെയ്തു.
700 ഓളം തെങ്ങ് കയറ്റക്കാരാണ് ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിൽ തുടങ്ങിയ കോൾ സെന്ററിൽ സേവനത്തിനായ് ഉള്ളത്. തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിക്കൽ, വിത്ത് തേങ്ങകൾ കണ്ടെത്തുക തുടങ്ങിയവയ്ക്കെല്ലാം തെങ്ങിന്റെ ചങ്ങാതിമാർ സഹായവുമായ് എത്തുന്നതാണ്.
ഇത്തരത്തിലുള്ള സഹായങ്ങൾ ലഭിക്കുമ്പോൾ കൂടുതൽ പേർ കൃഷിയിലേക്ക് മടങ്ങി വരാൻ സാധ്യതയുണ്ടെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. പുത്തൻ തലമുറയിൽ നിന്നും തെങ്ങ് കയറ്റം തൊഴിലായി സ്വീകരിക്കുന്ന ആളുകൾ കുറവായത് പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന് പരിഹാരമായ് 32,926 പേർക്കാണ് 1646 ബാച്ചുകളിലായി തെങ്ങ് കയറ്റത്തിനുള്ള പരിശീലനം നൽകിയത്. പരിശീലനം നേടിയവർക്ക് യന്ത്രങ്ങൾ സൗജന്യമായി നൽകുകയും ചെയ്തു.
എന്നാൽ പരിശീലനം നേടിയവരിൽ പലരും ജോലി തുടരാൻ തയാറായില്ല. ഇതിന് പരിഹാരമായാണ് കോൾ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചത്. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങി തെങ്ങ് കൃഷി കൂടുതലായുള്ള സംസ്ഥാനങ്ങളിൽ തെങ്ങ് കോൾ സെന്ററുകൾ തുടങ്ങാനുള്ള പദ്ധതിയുമുണ്ട്.