വടക്കഞ്ചേരി: കേരളത്തിൽ കാലവർഷം അടുത്തെത്തി നില്ക്കേ നാട്ടിൽനിന്നുള്ള നാളികേരം മുഴുവൻ കയറ്റിപ്പോകുന്നത് തമിഴ്നാട്ടിലേക്ക്. കുറഞ്ഞ വിലയ്ക്ക് ഇവിടെനിന്നും നാളികേരം സംഭരിച്ച് ഓണം സീസണിൽ വെളിച്ചെണ്ണയായി തിരിച്ചുവരാനാണ് ഇപ്പോൾ തമിഴ്നാട്ടിലെ മില്ലുകാർ തിരക്കിട്ട നാളികേര സംഭരണം നടത്തുന്നത്.രണ്ടാഴ്ച കൂടി കഴിഞ്ഞാൽ മഴ എത്തുമെന്നതിനാൽ ഉള്ള നാളികേരം മുഴുവൻ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് നാളികേര കർഷകർ.
ഇതു ചൂഷണം ചെയ്താണ് ദിവസവും ലോഡ് കണക്കിനു നാളികേരം തമിഴ്നാട്ടിലേക്കുകയറ്റി അയയ്ക്കാൻ പോകുന്നത്. തമിഴ്നാട്ടിൽനിന്നും എറണാകുളത്തേക്കും മറ്റും ചരക്കുകളുമായി വരുന്ന ലോറികൾ റിട്ടേണ് പോകുന്പോഴാണ് ഇവിടെനിന്നും നാളികേരവും കയറ്റുന്നത്.
അതിനാൽ വാഹനവാടകയിലും വലിയ കുറവുണ്ടാകും. തമിഴ്നാട്ടിൽ നല്ല വെയിലുള്ള പ്രദേശങ്ങളിലെ കോണ്ക്രീറ്റ് കളങ്ങളിൽ നാളികേരം ഇറക്കി രണ്ടോ മൂന്നോ ദിവസംകൊണ്ട് കൊപ്രയാക്കും.
തമിഴ്നാട്ടിൽ തൊഴിലാളികളുടെ കൂലി നന്നേ കുറവായതിനാൽ എണ്ണമില്ലുകാർക്കും ഓയിൽ ഉത്പാദനചെലവ് കുറയും. തമിഴ്നാട്ടിൽനിന്നും പാക്ക് ചെയ്തുവരുന്ന വെളിച്ചെണ്ണയിൽ ഏറിയ പങ്കും മായംകലർന്നതാണെന്ന് കണ്ടെത്തൽ. ശുദ്ധീകരിച്ച വേയ്സ്റ്റ് ഓയിലാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നതെന്നു പറയുന്നു.
വർക്ക്ഷോപ്പുകളിൽനിന്നുള്ള വേയ്സ്റ്റ് ഓയിൽ ശുദ്ധീകരിക്കുന്പോൾ ഒറിജനൽ വെളിച്ചെണ്ണയെ വെല്ലുന്ന മട്ടിലുള്ള വൈറ്റ് ഓയിലാണ് ലഭിക്കുക. ഇതിനു യാതൊരു മണവുമുണ്ടാകില്ല.
പത്തുലിറ്റർ ഇത്തരം വേയ്സ്റ്റ് ഓയിലിൽ രണ്ടോ മൂന്നോ ലിറ്റർ വെളിച്ചെണ്ണ ചേർത്താൽ വെളിച്ചെണ്ണയുടെ മണവും കളറും കിട്ടും.
ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗമോ ആരോഗ്യവകുപ്പോ വേണ്ടത്ര മുൻകരുതൽ എടുക്കാത്തതാണ് മായംകലർന്ന ഭക്ഷ്യവസ്തുക്കൾ വ്യാപകമാകാൻ കാരണമെന്നു ചൂണ്ടിക്കാട്ടുന്നു.
ചില ചിപ്സ് കടകളിലും ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ നിലവാരമില്ലാത്ത ഹോട്ടലുകളിലും ഇത്തരം മായം കലർന്ന ഓയിലാണ് ഭക്ഷണം തയാറാക്കുന്നതിനു ഉപയോഗിക്കുന്നതെന്നു പറയുന്നു.