നെടുങ്കണ്ടം: ഉണക്കത്തേങ്ങയിൽനിന്നും കരകൗശല വസ്തുക്കൾ ഒരുക്കി വിസ്മയം തീർക്കുകയാണ് ഒരു കലാകാരൻ. നെടുങ്കണ്ടം സ്വദേശി മോഹൻദാസ് ഒരുക്കുന്ന കരകൗശല വസ്തുക്കൾക്ക് വിദേശത്തുനിന്നുവരെയാണ് ആവശ്യക്കാർ.
ഉപയോഗശൂന്യമായി പറന്പിൽ കിടക്കുന്ന ഉണക്കത്തേങ്ങ നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി പൊയ്കയിൽ മോഹൻദാസിന്റെ കൈകളിൽ എത്തിയാൽ മനോഹരമായ കരകൗശല വസ്തുവായി മാറും. ഗണപതിയും ഹട്ടും കിളിക്കൂടും കുരങ്ങൻമാരുമൊക്കെയായി തേങ്ങകൾ മാറും.
ഉണങ്ങിയ തേങ്ങ കത്തിയും ബ്ലേഡും ഉപയോഗിച്ച് ചീകി ഒരുക്കിയാണ് കരകൗശല വസ്തുക്കൾ ഒരുക്കുന്നത്. തേങ്ങയുടെ പുറംതോടുപോലും കളയാതെയാണ് നിർമാണം. ഒരുദിവസം മൂന്നുവരെ കരകൗശല വസ്തുക്കൾ ഇദ്ദേഹം ഒരുക്കും.
പൂർണമായും കൈ ഉപയോഗിച്ചാണ് നിർമാണം. പോളീഷ് ചെയ്ത് മിനുക്കാതെ നിർമിച്ച രീതിയിൽതന്നെ വിപണിയിലെത്തിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.ബംഗളൂരുവിൽ വ്യാപാരിയായിരുന്ന മോഹൻദാസ് വർഷങ്ങൾക്കുമുന്പാണ് കരകൗശല വസ്തുക്കളുടെ നിർമാണം ആരംഭിച്ചത്. നേരന്പോക്കിനു തുടങ്ങിയ നിർമാണം ഇന്ന് തൊഴിലായി മാറിയിരിക്കുയാണ്.
ഇടുക്കിയിലെ വിനോദസഞ്ചാര മേഖലകളിലെ ഒരു പ്രധാന ഇനമാണ് മോഹൻദാസിന്റെ നിർമിതികൾ. മൂന്നാറിലും തേക്കടിയിലും വാഗമണ്ണിലുമൊക്കെ കച്ചവട സ്ഥാപനങ്ങളിൽ സഞ്ചാരികളെ പ്രതീക്ഷിച്ച് ഒരുങ്ങിയിരിക്കുന്ന കുരങ്ങൻമാരും ഹട്ടുമൊക്കെ ഇദ്ദേഹത്തിന്റെ നിർമിതിയാണ്. ഇടുക്കിക്കുപുറമെ ബംഗളൂരു, ഉൗട്ടി തുടങ്ങിയ സ്ഥലങ്ങളിലും വിൽപനയുണ്ട്. കരകൗശല വസ്തുക്കളുടെ നിർമാണത്തിനൊപ്പം താത്പര്യമുള്ളവരെ ഇതു പഠിപ്പിക്കാനും ഇദ്ദേഹം സമയം കണ്ടെത്തും.
ഹട്ടുകളും കിളിക്കൂടുകളും വേഗത്തിൽ നിർമിക്കാനാവും. എന്നാൽ ഗണപതിയേയും കുരങ്ങിനേയും ഒരുക്കുന്നതിന് സമയം ഏറെ ആവശ്യമുണ്ട്. ലഭ്യമായ തേങ്ങയുടെ ആകൃതിക്കും വലുപ്പത്തിനുമനുസരിച്ച് നിർമാണത്തിൽ വ്യത്യസ്തത പുലർത്താനും ഇദ്ദേഹം ശ്രമിക്കുന്നു.
ഒരു തേങ്ങ ചെത്തിമിനുക്കി മനസിൽ കാണുന്ന രൂപത്തിന് അനുയോജ്യമായ രീതിയിൽ മുഖവും കൈകളും കാലുകളുമൊക്കെ ഒരുക്കി കണ്ണുകളുടെ സ്ഥാനത്ത് ഗോലികൾകൂടി വയ്ക്കുന്നതോടെ മനോഹരമായ ശിൽപങ്ങളായി മാറും. തേങ്ങയുടെ പുറംതോട് തലമുടിയായും രോമങ്ങളായും കിരീടമായും വീടിന്റെ മേൽക്കൂരയായുമൊക്കെ രൂപപ്പെടും.
ഇടുക്കിയിലെ വിനോദസഞ്ചാര മേഖലയിൽ കരകൗശല വസ്തുക്കളുടെ നിർമാണത്തിന് വലിയ തൊഴിൽസാധ്യതകളാണ് ഉള്ളതെന്ന് മോഹൻദാസ് ചൂണ്ടിക്കാട്ടുന്നു.