കൊച്ചി: നാല് ദിവസം നീണ്ടുനിന്ന കേരള പോലീസിന്റെ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സായ കൊക്കൂണ്‍ പതിനഞ്ചാം എഡിഷന് ഇന്ന് തിരശീല വീഴും.
ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ വര്‍ക്ക്ഷോപ്പുകളും ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിവിധ സൈബര്‍ വിഷയങ്ങളിലെ വിദഗ്ധരുടെ ചര്‍ച്ചകളുമാണ് നടന്നുവരുന്നത്.
ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. നടന് മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.
ഈഗിള്‍ ഐ പുറത്തിറക്കി
ഡ്രോണുകളെ നിര്‍വീര്യമാക്കാനും തകര്‍ക്കാനും ശേഷിയുള്ള കേരള പോലീസിന്റെ ആന്റി ഡ്രോണ്‍ മൊബൈല്‍ വെഹിക്കിളായ ഈഗിള്‍ ഐ ഇന്നലെ നടന്ന ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറക്കി.
പോലീസിന്റെ ഡ്രോണ്‍ ഫോറക്സിക് വിഭാഗമാണ് ഇതിന്റെ നിര്‍മാണം.
ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തുള്‍പ്പെടെ വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ആന്റി ഡ്രോണ്‍ വെഹിക്കിളിന്റെ പിറവി.
ഇതിലെ റഡാറിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാകും.
ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറില്‍ തെളിയുന്നതോടെ ഇതിനെ നിമിഷങ്ങള്‍ക്കകം നിര്വീര്യമാക്കാനാകും.
ജാമര്‍ ഉപയോഗിച്ചാകും ഡ്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയൊരുക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഡ്രോണ്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതും പോലീസ് സേനയുടെ ഭാഗമാകുന്നതും. ജീപ്പില്‍ ഒരുക്കിയിരിക്കുന്ന സംവിധാനമായതിനാല്‍ എവിടെയും ഉപയോഗിക്കാനാകും.