കൽപ്പറ്റ: സംസ്ഥാനത്തെപല ജില്ലകളെയും അപേക്ഷിച്ചു വയനാട്ടിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനു കാരണം നേരത്തേ നിയന്ത്രണങ്ങളിൽ സർക്കാർ വരുത്തിയ ഇളവുകളുടെ ദുരുപയോഗം.
മുഖാവരണം ശരിയായി ഉപയോഗിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ജനജീവിതമാണ് ജില്ലയിൽ കൊറോണ വൈറസ് വ്യാപനം ത്വരിതപ്പെടുത്തിയതെന്നു ആരോഗ്യപ്രവർത്തകർ പറയുന്നു.
ജില്ലയിൽ നിലവിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് നൂറിനു പതിനാറാണ്. നിയന്ത്രണങ്ങൾ കർശനമായിരുന്നപ്പോൾ ഇതു 8.5 ആയിരുന്നു.
ജില്ലയിലെ സ്ഥിര താമസക്കാരും വിനോദസഞ്ചാരികളടക്കം സന്ദർശകരും ഉത്തരവാദബോധത്തോടെ പെരുമാറുന്നില്ലെങ്കിൽ കോവിഡിനെ പിടിച്ചുകെട്ടുക എളുപ്പമാകില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക പറഞ്ഞു.
ജില്ലയിൽ ഇതിനകം കാൽ ലക്ഷത്തോളം ആളുകളിലാണ് കോവിഡ് ബാധയുണ്ടായത്. ഇതിൽ 140 പേർ മരിച്ചു. മറ്റു രോഗങ്ങൾ അലട്ടിയിരുന്ന 60-70 പ്രായക്കാരാണ് മരിച്ചവരിൽ കൂടുതലും
. കഴിഞ്ഞയാഴ്ച ദിവസം ശരാശരി 250 കോവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയ വിരലിൽ എണ്ണാവുന്നവർ ഒഴികെ എല്ലാവർക്കും സന്പർക്കത്തിലൂടെയാണ് വൈറസ്ബാധ.
ടൂറിസം കേന്ദ്രങ്ങളും വിവാഹം ഉൾപ്പെടെ ചടങ്ങുകൾ നടക്കുന്ന വീട്-ഹാളുകളും കോവിഡ് പകർച്ചയ്ക്കു വേദികളാകുയാണ്. ടൂറിസം കേന്ദ്രങ്ങളിൽ മുഖാവരണം ധരിക്കാതെയാണ് ആൾകൂട്ടങ്ങൾ എത്തിയിരുന്നത്.
സാമൂഹിക അകലം എന്നതും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കളിതമാശയായി. കോവിഡ് വ്യാപനം പൊതുവെ കുറഞ്ഞ ഇടം എന്ന നിലയിൽ ഇതര ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും ധാരാളം സഞ്ചാരികളാണ് ജില്ലയിൽ എത്തിയിരുന്നത്.
കോവിഡ് മാർനിർദേശങ്ങൾ അവഗണിച്ചു ഇവരിൽ പലരും പെരുമാറിയതാണ് ജില്ലയിൽ വൈറസ് വ്യാപനം വർധിക്കുന്നതിനു പ്രധാന കാരണമായതെന്നു ആരോഗ്യപ്രവർത്തകർ പറയുന്നു. മുഖാവരണം ധരിക്കണ
മെന്നു നിർദേശിക്കുന്ന ടൂറിസം കേന്ദ്രം ജീവനക്കാർക്കുനേരേ കണ്ണുരുട്ടുന്നവരും സന്ദർശകരിൽ കുറവായിരുന്നില്ല.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിരുപങ്കിടുന്ന ജില്ലയാണ് വയനാട്. അതിർത്തികളിൽ പഴയതുപോലുള്ള പരിശോധനകളില്ല.
കൃഷി-തൊഴിൽ ആവശ്യത്തിനു ഇതര സംസ്ഥാനങ്ങളിൽ പോയിവരുന്നവർ നിരവധിയാണ്. ഇവരിലൂടെയും രോഗം പകരുന്നതായി സൂചനയുണ്ട്. പുറമേനിന്നു എത്തുന്നവരും പോയിവരുന്നരും സ്വയം ക്വാറന്ൈറനിൽ പ്രവേശിക്കുന്നതിലും വിമുഖത കാട്ടുകയാണ്.
കോവിഡ് കാലത്തിനു മുന്പുള്ള അതേ രീതിയിലാണ് ജില്ലയിൽ ചിലയിടങ്ങളിൽ അടുത്തകാലത്തു വിവാഹച്ചടങ്ങുകൾ നടന്നത്. റിവേഴ്സ് ക്വാറന്ൈറനിൽ കഴിയുന്നവർപോലും വിവാഹച്ചടങ്ങുകളിൽ പങ്കാളികളായി. ബസുകളിൽ സമൂഹിക അകലം പഴങ്കഥയായി. യാത്രക്കാരിൽ ചിലർ മുഖാവരണം ശരിയായി ധരിക്കാൻ കൂട്ടാക്കുന്നുമില്ല.
മാസ്ക് ധരിക്കണമെന്നു നിർദേശിക്കുന്പോൾ കയർത്തുസംസാരിക്കുന്നവരും യാത്രക്കാർക്കിടയിലുണ്ടെന്നു കണ്ടക്ടർമാർ പറയുന്നു. അടുത്തകാലത്തു ജില്ലയിലെ ഒരു ഗ്രാമസഭയിൽ മാസ്ക് ധരിക്കണമെന്നു നിർദേശിച്ച ആരോഗ്യപ്രവർത്തകനു അധിക്ഷേപം കേൾക്കേണ്ടിവന്നു.
കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും ആന്റജൻ, ആർടിപിസിആർ പരിശോധനയ്ക്കു സ്വമേധയാ എത്തുന്നവരും കുറവാണ്. ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്ന കേസുകളിൽ മാത്രമാണ് പൊതുവെ പരിശോധന നടക്കുന്നത്. രോഗലക്ഷണങ്ങളുള്ളവരെല്ലാം പരിശോധനയ്ക്കു എത്തിയാൽ ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക് കൂടുമെന്നു ആരോഗ്യ പ്രവർത്തകർ പറയുന്നു.
കോവിഷീൽഡ് വാക്സിൻ വിതരണത്തിന്റെ ഒന്നാംഘട്ടം ജില്ലയിൽ പുരോഗമിക്കുകയാണ്. 11,200നടുത്തു ആരോഗ്യപ്രവർത്തകരുള്ള ജില്ലയിൽ 10,610 ഡോസ് വാക്സിനാണ് ഇതിനകം എത്തിയത്. ഈ മാസം രണ്ടാം വാരത്തോടെ വാക്സിൻ വിതരണം പ്രഥമഘട്ടം പൂർത്തിയാകും.
ആരോഗ്യപ്രവർത്തകരിൽ ഹോമിയോ വിഭാഗത്തിൽ ഡോക്ടർമാരടക്കം ചിലർ വാക്സിൻ സ്വീകരിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസർ(അലോപ്പതി) സർക്കാരിനു റിപ്പോർട്ട് ചെയ്തതായാണ് വിവരം.
ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്തതു ആരോഗ്യവകുപ്പ് ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നു കുറച്ചുദിവസമായി പോലീസ് ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. മാസ്ക് കരുതാത്തവർക്കും ശരിയായി ധരിക്കാത്തവർക്കുമെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. കടകളിൽ ഇടക്കാലത്തു അപ്രത്യക്ഷമായ ഉപഭോക്തൃ രജിസ്റ്റർ തിരിച്ചെത്തി.
പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നുണ്ടന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനു പൊതുയിടങ്ങളിലും കവലകളിലും പോലീസുകാരെ വിന്യസിക്കുവാൻ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിച്ചു.
പൊഴുതന, വൈത്തിരി, മൂപ്പൈനാട്, മേപ്പാടി, തവിഞ്ഞാൽ എന്നിവിടങ്ങളിൽ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുന്നതിനു കളക്ടർ പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.