
പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കുടുങ്ങിയത് ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ്. എങ്ങനയെങ്കിലും വീട്ടില്‍ എത്തിച്ചേരുവാന്‍ അവര്‍ പരക്കം പായുകയാണ്.
അവരിലൊരാളായി രാജ്യത്തിന് മുഴുവന്‍ വേദന സമ്മാനിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുമുള്ള ഒരു യുവാവിന്റെ ചിത്രം. പരിക്കേറ്റ് പ്ലാസ്റ്ററിട്ട കാലുകള്‍ക്കൊണ്ട് നടക്കുവാന്‍ ബുദ്ധിമുട്ടായപ്പോള്‍ പൊരിവെയിലത്ത് നടുറോഡില്‍ ഇരുന്ന് പ്ലാസ്റ്റര്‍ മുറിച്ചു മാറ്റുന്ന ബന്‍വര്‍ലാല്‍ എന്ന യുവാവിന്റെ ചിത്രമാണ് ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്.
രാജസ്ഥാന് സ്വദേശിയാണ് ബന്‍വര്‍ലാല്‍. മധ്യപ്രദേശിലെ പിപ്പാരിയയില്‍ ദിവസവേതന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
ജോലിക്കിടയില്‍ അപകടം സംഭവിച്ച് ബന്‍വര്‍ലാലിന്റെ മൂന്ന് കാല് വിരലുകള്‍ക്കും കണങ്കാലിനും പരിക്കേറ്റു. ചികിത്സയ്ക്ക് ശേഷം കാലില്‍ പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു.
ഈ സമയമാണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ജോലി നഷ്ടപ്പെട്ട ഈ യുവാവിന്റെ മുന്പില് വീട്ടില്‍ പോകുക എന്നല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഇതിനോടകം തന്നെ 500 കിലോമീറ്ററുകള്‍ താണ്ടിയ ബന്വര്ലാലിന് വീട്ടിലെത്താന്‍ ഇനി 240 കിലോമീറ്ററുകള്‍ നടക്കണം.
സംസ്ഥാന അതിര്‍ത്തിയിയില്‍ ആളുകളുടെ സഞ്ചാരം പോലീസ് തടയുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ എന്റെ മുന്പില് മറ്റ് വഴികളൊന്നുമില്ല. ഗ്രാമത്തില്‍ എന്റെ കുടുംബം തനിച്ചാണ്.
ജോലിയില്ലാത്തതിനാല്‍ പണമൊന്നും അയച്ച് നല്കാന് സാധിച്ചിട്ടില്ല. പ്ലാസ്റ്റര്‍ മുറിച്ച് മാറ്റി നടക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. ബന്‍വര്‍ലാല്‍ പറഞ്ഞു.