കൊച്ചി: യാത്രകള്‍ക്കിടയിലും കാപ്പി ഒഴിവാക്കാൻ പറ്റില്ലേ, വിഷമിക്കേണ്ട. ഒരു ഗുളിക കൈയിൽ കരുതിയാൽ മതി. ഫ്ളാസ്കിൽ കരുതിയ ചൂടുവെള്ളത്തിലോ പാലിലോ ഗുളിക ഇട്ടാൽ ഫിൽട്ടർ കാപ്പി റെഡി.
“വിത്തൗട്ടു’കാര്‍ക്കു പ്രത്യേകം ഗുളിക ഉണ്ടാകും. എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാലു വിദ്യാര്‍ഥിനികളാണ് ഈ ആശയത്തിനു പിന്നിൽ.
കാപ്പിഫൈല്‍ എന്ന പേരിൽ അവതരിപ്പിച്ച ഇതിന് അമേരിക്ക ആസ്ഥാനമായ ടൈ ഗ്ലോബല്‍ നടത്തിയ മത്സരത്തില്‍ ജനപ്രീതിക്കുള്ള പോപ്പുലര്‍ ചോയ്സ് അവാര്‍ഡ് ലഭിച്ചു. ടൈ ഗ്ലോബല്‍ കേരള ചാപ്റ്റർ സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാംസ്ഥാനവും നേടി.
തൃപ്പൂണിത്തുറ ശ്രീഅന്നപൂര്ണയില് വെങ്കിടേശ്-മീനാക്ഷി ദന്പതികളുടെ മകൾ വി. സൗന്ദര്യ ലക്ഷ്മി (കൊമേഴ്സ്), ഇടക്കൊച്ചി കുടുവശേരി പിന്റോ കടുത്തൂസ്-ഷെല്‍ന ദന്പതികളുടെ മകള്‍ എലീഷ അനോറി കടുത്തൂസ് (ഹ്യുമാനിറ്റീസ്), കലൂര്‍ റെസിഡന്‍സി കോര്‍ട്ടില്‍ രജസ്ഥാന് സ്വദേശി വിക്രംസിംഗ്-സംഗീത ദന്പതികളുടെ മകള്‍ വി. ഡിംപല്‍ (ഹ്യുമാനിറ്റീസ്), മുളവുകാട് കാട്ടുപറമ്പില്‍ കെ.ആര്. വിനീഷ്-അമ്പിളി ദന്പതികളുടെ മകള്‍ ശിവനന്ദന (സയന്‍സ്) എന്നിവരാണ് കാപ്സ്യൂൾ രൂപത്തിലുള്ള ഫിൽട്ടർ കാപ്പിയുടെ പിന്നിൽ.
പേറ്റന്റിനായി കാത്തിരിക്കുന്ന ഇവർ പ്ലസ്ടുവിനുശേഷം പുതിയ ഉത്പന്നത്തിന്റെ ലോഞ്ചിംഗ് ലക്ഷ്യമിടുന്നു. ചുക്കുകാപ്പി, ചോക്ലേറ്റ് കാപ്പി, വാനില കാപ്പി, മോക്കാ കാപ്പി എന്നിവയും വിപണിയില്‍ ഇറക്കാൻ പദ്ധതിയുണ്ട്.