മുക്കം: മലയോര മേഖലയിലെ നിരവധി രോഗികളുടെ ആശ്രയമായ തേക്കുംകുറ്റി ആശുപത്രിയിൽ ചികിത്സക്കൊപ്പം ഇനി ദിവസവും നല്ല ചായയും കടികളും കിട്ടും… തീർത്തും സൗജന്യമായി.
കാരശ്ശേരി തേക്കുംകുറ്റിയിൽ പ്രവർത്തിക്കുന്ന കാരശ്ശേരി പഞ്ചായത്ത് ഗവ: ആശുപത്രിയിൽ എല്ലാ ദിവസവും ലഘു കടിയോടു കൂടിയ ചായ വിതരണത്തിനു തുടക്കമിട്ടത് സി.മോയിൻകുട്ടി ചാരിറ്റബ്ൾ ട്രസ്റ്റാണ്.
ആശ്വാസ് പാലിയേറ്റീവ് കെയറിനുവേണ്ടിയാണ് സി.മോയിൻകുട്ടി ചാരിറ്റബ്ൾ ട്രസ്റ്റ് ഒരു വർഷക്കാലം എല്ലാ ദിവസം ചായയും കടിയും നൽകുന്ന പദ്ധതി സ്പോൺസർ ചെയ്തത്.
നേരത്തേ ആഴ്ചയിൽ മൂന്നുദിവസമായിരുന്നു ചായ വിതരണം ഉണ്ടായിരുന്നത്. ദിവസവും ചായയും കിടകളും നൽകുന്നത് ചികിത്സാവശ്യാർഥവും കുത്തിവെപ്പിനും മറ്റുമായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുൾപ്പെടെ നൂറു കണക്കിനാളുകൾക്കാണ് ആശ്വാസമാവുന്നത് .
സി.മോയിൻകുട്ടി ചാരിറ്റബ്ൾ ട്രസ്റ്റ് ചായ വിതരണ പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിതക്ക് ചായ നൽകിക്കൊണ്ട് മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ കാസിം ഉദ്ഘാടനം
ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: സജ്ന, സത്യൻ മുണ്ടയിൽ, സുനിത രാജൻ, എ കെ സാദിഖ്, കെ.കെ. ആലി ഹസ്സൻ, നടുക്കണ്ടി അബൂബക്കർ , ഗസീബ് ചാലൂളി, ഇ.കെ. മിജിയാസ്, കെ.കോയ, എം. പി.കെ അബ്ദുൽ ബർറ്, പി.സി ബഷീർ, എം.കെ. സെയ്താലി, അലവിക്കുട്ടി പറമ്പാടൻ, റഹൂഫ് കൊളക്കാടൻ എന്നിവർ സംബന്ധിച്ചു.