സ്വന്തം ലേഖകൻ
തൃശൂർ: കോഫി ഹൗസുകളുടെ ഉടമകളായ ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി പിടിച്ചെടുക്കാൻ . സഹകരണവേദിയുടെ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതായി ഇന്നലെ ഉച്ചയോടെ പ്രഖ്യാപിച്ചു. പുതിയ ഭരണസമിതി ഇന്നു രാവിലെ ചുമതലയേറ്റു.
ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥനാണു ഫലപ്രഖ്യാപനം നടത്തിയത്. മുൻ സെക്രട്ടറി എസ്.എസ്. അനിൽകുമാർ, പി.ആർ. കൃഷ്ണപ്രസാദ്, വി. ഗോപകുമാർ, പത്മപാദൻ നായർ, വി.എസ്. രഘു, ലിനു ദാമോദരൻ, കെ. ശ്രീനാരായണൻ, ജി. ഷിബു, സി.ഡി. സുരേഷ്, കെ.കെ. രാജീവ് എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്. വനിതാ സംവരണ സീറ്റിൽ സംഘത്തിലെ ഏക വനിതാംഗമായ ലളിത പരമേശ്വരൻ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിജയികളായ സഹകരണവേദി പ്രവർത്തകർ ഫലപ്രഖ്യാപനത്തെത്തുടർന്നു കോഫീ ഹൗസ് ആസ്ഥാന കാര്യാലയത്തിൽ ലെഡു വിതരണം നടത്തി. പടക്കം പൊട്ടിക്കുകയും ചെയ്തു. മുൻ ഭരണസമിതി അംഗത്വം നൽകിയ 352 പേരുടെ വോട്ടാവകാശം റദ്ദാക്കിയാണു സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ വോട്ടെടുപ്പു നടത്തിയത്. പോൾ ചെയ്ത 1772 വോട്ടുകളിൽ നാലിലൊന്നു വോട്ടാണു സിപിഎം-സിപിഐ സഖ്യത്തിനു കിട്ടിയത്.
കമ്യൂണിസ്റ്റ് അനുഭാവികളുടെ പ്രസ്ഥാനമായ സഹകരണ വേദി നയിച്ച പാനലിൽ മത്സരിച്ച സ്ഥാനാർഥിക്കു 1,235 വോട്ടുവരെ ലഭിച്ചു. സിപിഎം-സിപിഐ സഖ്യത്തിനു കിട്ടിയത് 580 വോട്ടാണ്. ബിജെപി 115 വോട്ടു നേടി. 60 വോട്ട് അസാധുവായി. സഹകരണ വേദി തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ വി.ടി. വർഗീസ് പറഞ്ഞു.
അംഗങ്ങളിൽ വോട്ടാവകാശം റദ്ദാക്കപ്പെട്ട 352 പേരിൽ കോടതിയെ സമീപിച്ച അഞ്ചു പേർക്കു വോട്ടാവകാശം അനുവദിച്ചിരുന്നു. 352 പേരുടേയും അംഗത്വം സാധുവാണെന്നും അഞ്ചുപേരുടെ വോട്ട് പ്രത്യേകം എണ്ണണമെന്നും കോടതി മുഖേന ഫലപ്രഖ്യാപനം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഞായറാഴ്ച വോട്ടെടുപ്പും വോട്ടെണ്ണലും പൂർത്തിയാക്കി വിവരം കോടതിയെ അറിയിച്ച് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു.
സംഘത്തിന്റെ ഭരണം പിടിച്ചെടുക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ അട്ടിമറി ശ്രമങ്ങൾ നടത്തിവരികയായിരുന്നു. സംഘത്തിന്റെ സഹകരണവേദിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ഫെബ്രുവരി 21നു പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി.
ജീവനക്കാരായ സംഘാംഗങ്ങൾ സഹകരണവേദിയുടെ നേതൃത്വതിൽ നടത്തിയ സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിലാണു തെരെഞ്ഞെടുപ്പു നടത്തി വൻഭൂരിപക്ഷത്തോടെ വിജയം നേടിയത്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കോഫീ ഹൗസുകളുടെ ഭരണം 2004 മുതൽ സഹകരണ വേദിയുടെ നേതൃത്വത്തിലുള്ള സമിതിയാണു നിർവഹിക്കുന്നത്. സിഐടിയുവിന്റെ മേൽക്കോയ്മ തകർത്തുകൊണ്ടാണു സഹകരണ വേദി ഭരണം പിടിച്ചത്. 2006 മുതൽ സ്ഥാപനം ലാഭത്തിലാണ്. 2,239 അംഗങ്ങളാണു സഹകരണ സംഘത്തിലുള്ളത്.
തൃശൂർ: തെക്കൻ കേരളത്തിലെ ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി പി.ആർ. കൃഷ്ണപ്രസാദിനെയും സെക്രട്ടറിയായി സി.ഡി. സുരേഷിനെയും തെരഞ്ഞെടുത്തു. ലിനു ദാമോദരനാണ് അസിസ്റ്റന്റ് സെക്രട്ടറി. ഇന്നലെ രാത്രി നടന്ന യോഗത്തിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതെന്നു സഹകരണവേദി തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ വി.ടി. വർഗീസ് അറിയിച്ചു.