തൃശൂർ: ഒരു വിഭാഗം ജീവനക്കാർ പൂട്ടിയിരുന്ന താഴു പൊളിച്ച് സിഐടിയു പ്രവർത്തകരും അഡ്മിനിസ്ട്രേറ്ററും ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിൽ കയറി. ജീവനക്കാർ ഓഫീസിൽ കയറാതെ പുറത്തു സമരത്തിലുമായി. ഇന്നു രാവിലെ എട്ടു മണിയോടെയാണ് ഒരു സംഘം ആളുകൾ ഷട്ടറിന്റെ താഴു പൊളിച്ച് അകത്തു കയറിയത്. ഷട്ടറിന്റെ ഒരു ഭാഗത്ത് അഡ്മിനിസ്ട്രേറ്റർ താഴിട്ടു പൂട്ടിയിരുന്നു. എന്നാൽ മറുഭാഗത്ത് ജീവനക്കാരും താഴിട്ടുപൂട്ടി.
രാവിലെ പുറത്തുനിന്ന് എത്തിയ സംഘം ജീവനക്കാരുടെ താഴ് പൊളിച്ച് ഷട്ടർ തുറക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർക്കൊപ്പം ഓഫീസിലെ ജീവനക്കാരനും ഇപ്പോൾ സെക്രട്ടറി ഇൻ ചാർജായി ചുമതല നൽകുകയും ചെയ്ത സി.എ. ബാലകൃഷ്ണനും ഓഫീസ് ജോലികൾ ചെയ്യാൻ ഇതര ഓഫീസുകളിൽനിന്നു സ്ഥലംമാറ്റിക്കൊണ്ടുവന്ന അഞ്ചു പേരും അകത്തുകയറി. ഏതാനും പേർ പുറത്തു കാവൽനിന്നു. വിവരം അറിഞ്ഞ് പോലീസും സ്ഥലത്തെത്തി.
അഡ്മിനിസ്ട്രേറ്റർ സസ്പെൻഡു ചെയ്ത ജീവനക്കാരനും സ്ഥലംമാറ്റിയ അഞ്ചു ജീവനക്കാരനും അകത്തു പ്രവേശിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്ററും പുറത്തു കാത്തുനിന്ന ഏതാനും പേരും വിളിച്ചുപറഞ്ഞു. രാവിലെ ഒന്പതരയോടെ ഓഫീസിലെത്തിയ ജീവനക്കാർ ഇതോടെ ഓഫീസിലേക്കു പ്രവേശിക്കാതെ പുറത്തു നിലയുറപ്പിച്ചു. മാർച്ചു മാസത്തെ ശന്പളം നൽകാൻ ഹൈക്കോടതി അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിരുന്നു. ജീവനക്കാർ സഹകരിക്കാത്തതുമൂലം ശന്പളം നൽകാൻ കഴിയുന്നില്ലെന്ന് അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കിയിരുന്നു.
എന്നാൽ ജീവനക്കാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകിയിട്ടില്ലെന്നാണു ജീവനക്കാർ പറയുന്നത്. ഇരുപക്ഷവും ആരോപണങ്ങൾ ഉന്നയിച്ച് പോലീസിലും ഇതര അധികാരകേന്ദ്രങ്ങളിലും പരാതി നൽകിയിട്ടുണ്ട്. ഇതോടെ തർക്കം കൂടുതൽ രൂക്ഷമാകുന്ന അവസ്ഥയിലായി.