കാപ്പി കുടിച്ചാല്‍ പ്രമേഹവും പൊണ്ണത്തടിയും കൂടുമോ അതോ കുറയുമോ ? പുതിയ പഠനങ്ങള്‍ ഇങ്ങനെ…

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്ന നിരവധി ആളുകള്‍ ഈ ലോകത്തുണ്ട്. എന്നാല്‍ കാപ്പി പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്ന ചര്‍ച്ച തുടങ്ങിയിട്ട് കാലം കുറെയായി. ഒരു കപ്പ് കാപ്പി കുടിക്കുന്നത് ബ്രൗണ്‍ ഫാറ്റിനെ ഉത്തേജിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞു. കൊഴുപ്പിനോട് പൊരുതാനുള്ള ശരീരത്തിന്റെ തന്നെ പ്രതിരോധമാണ് ബ്രൗണ്‍ ഫാറ്റ്. ഇത് പ്രമേഹത്തെയും പൊണ്ണത്തടിയെയും പ്രതിരോധിക്കും.

ബ്രൗണ്‍ ഫാറ്റിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ടു ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ച് മനുഷ്യരില്‍ നടത്തിയ ആദ്യപഠനമാണിത്. മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായ ബ്രൗണ്‍ ഫാറ്റ്, കാലറി എത്രവേഗം ഊര്‍ജ്ജിതമായി കത്തിത്തീരുന്നു എന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ബ്രൗണ്‍ അഡിപ്പോസ് ടിഷ്യു (BAT) അഥവാ ബ്രൗണ്‍ ഫാറ്റ്, മനുഷ്യനിലും മറ്റ് സസ്തനികളിലും കാണപ്പെടുന്ന രണ്ടിനം ഫാറ്റുകളില്‍ ഒന്നാണ്. കുട്ടികളിലും ശീതകാലത്ത് നിഷ്‌ക്രിയരായിരിക്കുന്ന, നിദ്രയിലായിരിക്കുന്ന (hibernating) സസ്തനികളിലും മാത്രമാണ് ബ്രൗണ്‍ ഫാറ്റ് ഉള്ളത് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ മുതിര്‍ന്നവരിലും ബ്രൗണ്‍ ഫാറ്റ് ഉണ്ടെന്ന് അടുത്തിടെ കണ്ടെത്തി. ബോഡിമാസ് ഇന്‍ഡക്‌സ് (BMI) കുറഞ്ഞ ആളുകളില്‍ ബ്രൗണ്‍ഫാറ്റിന്റെ അളവ് കൂടുതലായിരിക്കും.

മറ്റ് കൊഴുപ്പുകളില്‍ നിന്നു വ്യത്യസ്തമായാണ് ബ്രൗണ്‍ ഫാറ്റ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഷുഗറും ഫാറ്റും കത്തിക്കുക വഴി ചൂട് ഉല്‍പ്പാദിപ്പിക്കുന്നു. ഈ പ്രവൃത്തി വര്‍ധിക്കും തോറും രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ നിയന്ത്രണം മെച്ചപ്പെടുകയും അധികമുള്ള കാലറി കത്തിത്തീരുക വഴി ശരീരഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതുവരെ മനുഷ്യനില്‍ ഈ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുവാനുള്ള മാര്‍ഗം കണ്ടെത്തിയിരുന്നില്ല.

കഫീന്‍ ബ്രൗണ്‍ഫാറ്റിനെ ഉത്തേജിപ്പിക്കുമോയെന്ന് തുടര്‍ച്ചയായ മൂലകോശ പഠനങ്ങളിലൂടെ ഗവേഷക സംഘം പരിശോധിച്ചു. തുടര്‍ന്ന് ശരിയായ ഡോസ് കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ മനുഷ്യരില്‍ ഈ ഫലം തന്നെയാണോ എന്നു പരിശോധിച്ചു. ശരീരത്തിലെ ബ്രൗണ്‍ ഫാറ്റ് റിസര്‍വിനെ കണ്ടെത്താന്‍ തെര്‍മല്‍ ഇമേജിങ് മാര്‍ഗം ഉപയോഗിച്ച് ഈ മാര്‍ഗത്തിലൂടെ ബ്രൗണ്‍ ഫാറ്റിനെ ലൊക്കേറ്റ് ചെയ്യാനും ചൂട് ഉല്‍പ്പാദിപ്പിക്കാനുള്ള ഇതിന്റെ കപ്പാസിറ്റി കണക്കാക്കാനും സാധിച്ചു.

മുന്‍പ് നടത്തിയ പഠനത്തില്‍, കഴുത്തിന്റെ ഭാഗത്താണ് പ്രധാനമായും ബ്രൗണ്‍ ഫാറ്റ് ഉള്ളതെന്ന് മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഒരു വ്യക്തി ഒരു പാനീയം കുടിച്ചയുടനെ ബ്രൗണ്‍ഫാറ്റ് ചൂടാകുന്നുണ്ടോ എന്ന ചിത്രം എടുക്കാനും ഗവേഷകര്‍ക്ക് സാധിച്ചു. ബ്രൗണ്‍ ഫാറ്റിനെ ആക്റ്റിവേറ്റ് ചെയ്യാന്‍ കാപ്പിയിലടങ്ങിയ ഒരു ഘടകമായ കഫീനു കഴിയുമെന്ന് പഠനത്തിലൂടെ തെളിഞ്ഞു. ഒരു സ്റ്റിമുലസ് ആയി കഫീന്‍ പ്രവര്‍ത്തിക്കുന്നുവെന്നു കണ്ടു. ഇപ്പോള്‍ കഫീന്‍ സപ്ലിമെന്റിലും ഇതേ ഫലമാണോ എന്ന അന്വേഷണത്തിലാണ് ഗവേഷകര്‍. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇതേഘടകത്തിനു സാധിക്കും എന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഒപ്പം പ്രമേഹം തടയാനും കഫീന് സാധിക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

Related posts