വൈവിധ്യമാർന്ന പാന്പിനങ്ങളെക്കൊണ്ട് സമൃദ്ധമാണ് നമ്മുടെ രാജ്യം. ബി.ഡി.ശർമ എന്ന ഹെർപറ്റോളജിസ്റ്റ് (പാന്പുകളെക്കുറിച്ചു പഠനം നടത്തുന്നവർ) നടത്തിയ പഠനത്തിൽ ഇന്ത്യയിൽ 242 സ്പീഷീസുകളിൽപ്പെട്ട പാന്പുകളുണ്ടെന്നാണു പറയുന്നത്.
അതിൽ 57 എണ്ണം വിഷം വഹിക്കുന്നവയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കേരളത്തിൽ 101 തരം പാന്പുകളുണ്ട്. അവയിൽ പത്തെണ്ണത്തിനു മാത്രമേ വിഷമുള്ളൂ.
ഈ പത്തെണ്ണത്തിൽ അഞ്ചെണ്ണം കടൽപ്പാന്പുകളാണ്. ബാക്കി അഞ്ചെണ്ണം മാത്രമേ കേരളത്തിൽ കരയിൽ കാണുന്നുള്ളൂ. ഇവ അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, സൊ സ്കെയി ൽഡ് വൈപ്പർ, ഹംപ് നോസ്ഡ് വൈപ്പർ എന്നിവയാണ്.
1. അണലി
ഇവയെ ചേനത്തണ്ടൻ, മഞ്ചെട്ടി എന്നെല്ലാം വിളിക്കും. ചേനയുടെ തണ്ടിനെ ഓർമിപ്പിക്കുംവിധത്തിലാണ് ഇതിന്റെ ശരീരം. പെരുന്പാന്പിന്റെ തൊലിയുമായി ഇതിന്റെ തൊലിക്ക് സാദൃശ്യമുണ്ട്. ഇതിന്റെ തല ത്രികോണാകൃതിയിലായിരിക്കും.
2. മൂർഖൻ
ഇതിന്റെ ശരീരം ചേരയുടെ ശരീരംപോലെ ആയിരിക്കും. പക്ഷേ പത്തിയുള്ളതുകൊണ്ട് ഇതിനെ വേഗം തിരിച്ചറിയാം..
3. വെള്ളിക്കെട്ടൻ
വളവളപ്പൻ എന്നു പേരുള്ള ഈ പാന്പിന്റെ ഉടലിൽ മിനുസമുള്ള വളയങ്ങൾ കാണുന്നതുകൊണ്ടാണ് ഇതിനെ വെള്ളിക്കെട്ടൻ എന്നു വിളിക്കുന്നത്.
4. സൊ സ്കെയിൽഡ് വൈപ്പർ
അണലിവർഗത്തിൽപ്പെട്ട ഈ പാന്പിന്റെ ശൽക്കങ്ങൾ ഈർച്ചവാളിന്റെ പല്ലുകൾപോലെയിരിക്കുന്നതുകൊണ്ടാണ് ഇതിനെ saw(ഈർച്ചവാൾ) scaled viper എന്നു വിളിക്കുന്നത്.
വളരെ ചൂടുള്ള പ്രദേശത്തും ചുടുകട്ടകളും കല്ലും മറ്റും അടുക്കിവച്ചിരിക്കുന്ന സ്ഥലത്തുമാണ് ഈ പാന്പുകൾ കാണപ്പെടുന്നത്. മുൻപു പറഞ്ഞ മൂന്നു പാന്പുകളെക്കാൾ താരതമ്യേന ഇവ വളരെ അപൂർവമായേ കാണാറുള്ളൂ.
5. ഹംപ് നോസ്ഡ് വൈപ്പർ
വളരെ അപൂർവമായിട്ടേ കാണാറുള്ളൂ. അതുകൊണ്ടുതന്നെ ഇതിന് ആന്റി സ്നേക്ക് വെനം (ASV)ഫലപ്രദമല്ല. അതുപോലെ രാജവെന്പാലയ്ക്കും ASVഫലപ്രദമല്ല.
സർപ്പവിഷം സങ്കീർണം
സർപ്പങ്ങൾക്കു വിഷം നൽകിയിരിക്കുന്നത് മനുഷ്യരെ കടിച്ചുകൊല്ലാനല്ല. പാന്പുകൾ പിന്തുടർന്ന് ആക്രമിക്കുകയുമില്ല. സ്വയരക്ഷയ്ക്കും ഇരപിടിക്കാനുമാണ് പാന്പുകൾക്ക് വിഷം നൽകിയിരിക്കുന്നത്.
മനുഷ്യൻ അറിയാതെ ചവിട്ടുകയോ അവയെ വേദനിപ്പിക്കുകയോ ചെയ്താൽ അവ തിരിച്ചു കടിച്ചെന്നിരിക്കും. മനുഷ്യർക്കു വിഷബാധയേൽക്കുന്നത് ഇത്തരത്തിലാണ്.
വളരെ സങ്കീർണമായ ഘടനയാണ് സർപ്പവിഷത്തിന്റേത്. സർപ്പവിഷത്തിൽ മനുഷ്യശരീരത്തിന് ഹാനികരവും അല്ലാത്തതുമായ ആറിലേറെ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീനുകൾ, പെപ്ടൈഡുകൾ, കാർബോഹൈഡ്രേറ്റുകൾ, ലൈപിഡുകൾ, വിവിധതരത്തിലുള്ള എന്സൈമുകൾ എന്നിവയാണവ. ഇരയെ പിടിച്ചു നിർവീര്യമാക്കാനും ദഹിപ്പിക്കാനുമാണ് ഇത്രയേറെ സങ്കീർണമായ സംവിധാനം സർപ്പവിഷത്തിന് സൃഷ്ടാവ് നൽകിയിരിക്കുന്നത്. സർപ്പവിഷം പ്രധാനമായും മൂന്നുതരത്തിലാണ്
1. നാഡികളെ ബാധിക്കുന്നത് (neuro toxic)
രാജവെന്പാല, മൂർഖൻ, വെള്ളിക്കെട്ടൻ എന്നിവയുടെ വിഷം നാഡികളെ ബാധിക്കുന്നതാണ്.
2. രക്തത്തെ ബാധിക്കുന്നത് (haemotoxic)
അണലിവർഗത്തിൽപ്പെട്ട പാന്പുകളുടെ വിഷം പ്രധാനമായും രക്തത്തെ ബാധിക്കുന്നു.
3. കോശങ്ങളെ ബാധിക്കുന്നത് –
അണലിവർഗത്തിൽപ്പെട്ട സർപ്പങ്ങളുടെ വിഷം രക്തത്തെയും കോശങ്ങളെയും ബാധിക്കും.
(തുടരും)