റെനീഷ് മാത്യു
കണ്ണൂർ: ഡിസിസി പട്ടികയെ ചൊല്ലിയുള്ള കോൺഗ്രസിലെ പ്രശ്നങ്ങൾക്കുള്ള ഒത്തുതീർപ്പിന് കണ്ണൂർ വേദിയാകും.രണ്ടിന് കണ്ണൂർ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനത്തിനായി കോൺഗ്രസ് നേതാക്കളെ ഒന്നടങ്കം ഓൺലൈനിലും നേരിട്ടും പങ്കെടുപ്പിക്കാനുള്ള ശ്രമം കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ തുടങ്ങി.
ഇന്നു രാവിലെ കണ്ണൂരിൽ എത്തിയ കെ.സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ഫോണിലൂടെ ആശയവിനിമയം നടത്തുന്നുണ്ട്.
കെ.സുധാകരനൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് അനുരജ്ഞന ചർച്ചകൾ സജീവമായിരിക്കുന്നത്.
സംഘടനാപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രതികരണവും നടപടികളും ഇനിയും വേണ്ടെന്നാണ് എഐസിസിയുടെ നിർദ്ദേശം.
എന്നാൽ, കണ്ണൂരിലെ ചടങ്ങിൽ പങ്കെടുക്കുവാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിസമ്മതിച്ചതായാണ് അറിയുന്നത്.
താൻ നല്കിയ പട്ടിക പരസ്യമായി ഉയർത്തിക്കാട്ടിയ കെ.സുധാകരന്റെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉമ്മൻചാണ്ടി ഉയർത്തിയിരിക്കുന്നത്.
പ്രശ്നങ്ങൾ മറന്ന് നേതാക്കൾ എല്ലാം കണ്ണൂരിലെ ഉദ്ഘാടന ചടങ്ങിൽ ഒന്നിച്ചാൽ അണികൾക്കും കോൺഗ്രസ് പാർട്ടിക്കും ഏറെ പ്രയോജനമാകുമെന്നാണ് ഒരു വിഭാഗം നേതാക്കൾ ചിന്തിക്കുന്നത്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർക്കു പുറമെ
മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, എ.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ നേതാക്കൾ ഓൺലൈനായി ചടങ്ങിൽ സംബന്ധിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.