ശ്രീദേവിയ്ക്ക് പത്മശ്രീ നല്‍കിയത് യുപിഎ ഭരണകാലത്തെന്ന് കോണ്‍ഗ്രസ് ട്വീറ്റ്! മരണത്തിലും രാഷ്ട്രീയം കലര്‍ത്തണമായിരുന്നോ എന്ന് സോഷ്യല്‍മീഡിയ; പോസ്റ്റ് തിരുത്തിയെങ്കിലും വിവാദം കനക്കുന്നു

നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദന മാറും മുന്‍പെ അവരുടെ മരണത്തെ രാഷ്ട്രീയവത്കരണത്തിന് സ്രമിച്ച കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം. ട്വിറ്ററില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിലെ വാക്കുകള്‍ക്ക് നേരെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നു വരുന്നത്. ശ്രീദേവിയ്ക്ക് പത്മശ്രീ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം.

‘ശ്രീദേവിയുടെ വിയോഗം വേദനയുണ്ടാക്കുന്നു. അവര്‍ അതുല്യപ്രതിഭയുള്ള നടിയായിരുന്നു. എക്കാലത്തെയും മികച്ച ചിത്രങ്ങളിലൂടെ അവര്‍ ജനഹൃദയങ്ങളില്‍ ജീവിക്കും. 2013ലെ യുപിഎ സര്‍ക്കാര്‍ ശ്രീദേവിയ്ക്ക് പത്മപുരസ്‌കാരം നല്‍കി ആദരിച്ചു’. ഇതായിരുന്നു കോണ്‍ഗ്രസിന്റെ അനുശോചന പോസ്റ്റ്. ട്വീറ്റ് ചര്‍ച്ചയായതോടെ വിവാദമായ ഭാഗം പോസ്റ്റില്‍ നിന്ന് മാറ്റുകയും ചെയ്തു.

പോസ്റ്റിന് പിന്നാലെ തന്നെ അതിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ കാലത്താണ് ശ്രീദേവി ജനിച്ചതെന്നുകൂടി ചേര്‍ക്കാനായിരുന്നു ട്വീറ്റിന് ലഭിച്ച ഒരു മറുപടി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമയത്ത് ജനിച്ചെന്നും ബിജെപി സര്‍ക്കാരിന്റെ കാലത്ത് മരിച്ചെന്നും പറയാമായിരുന്നില്ലെ എന്നായിരുന്നു മറ്റൊരു പരിഹാസം. ഇന്ത്യ കണ്ട അതുല്യ പ്രതിഭയുടെ വിയോഗത്തെ രാഷ്ട്രീയ ലാഭത്തിനായി കോണ്‍ഗ്രസ് ഉപയോഗിക്കുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പരക്കെ ഉയരുന്ന വിമര്‍ശനം.

Related posts