ഇരിങ്ങാലക്കുട: 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്കു തിരികെ നൽകാൻ ഇരിങ്ങാലക്കുട കുടുംബ കോടതി ഉത്തരവിട്ട കേസിൽ വ്യാജരേഖ ഹാജരാക്കിയ ഭർത്താവിനെതിരെ കേസെടുത്തന്വേഷിക്കാൻ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി ഉത്തരവ്.
കോഴിക്കോട് കോട്ടോളി സ്വദേശി മേപ്പറന്പത്ത് ഡോ. ശ്രീതു ഗോപിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭാര്യയും ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശിനിയുമായ ശ്രുതി ജനാർദനൻ ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ശ്രുതിക്ക് അനുകൂലമായി വിധി.
വിധിപ്രകാരം ഭർത്താവിനോടും വീട്ടുകാരോടും ശ്രുതിക്ക് 424 പവൻ സ്വർണാഭരണങ്ങളും 2.97 കോടി രൂപയും പ്രതിമാസം 70,000 രൂപ ചെലവും നൽകാൻ ഉത്തരവിട്ടിരുന്നു.
കുടുംബ കോടതിയിലെ കേസിൽ ഭർത്താവിന്റെ ഭാഗത്തുനിന്നും ശ്രുതിയുടെ പിതാവ് ജനാർദനൻ നായരുടെ വ്യാജ ഒപ്പിട്ട് പാർട്ട്ണർഷിപ്പ് ഡീഡ് തെളിവിലേക്ക് ഹാജരാക്കിയിരുന്നു.
വിചാരണ സമയത്തുതന്നെ രേഖ വ്യാജ മാണെന്നു ശ്രുതിയും പിതാവായ ജനാർദനനും വാദിച്ചിരുന്നു. തുടർന്ന് ജനാർദനൻ നായർ ഇരിങ്ങാലക്കുട പോലീസിലും തൃശൂർ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയിരുന്നു.
പിന്നീട് ജനാർദനൻ നായർ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി യിൽ സ്വകാര്യ അന്യായം ബോധിപ്പിക്കുകയും പ്രാരംഭ വാദം കേട്ട് രേഖകൾ പരിശോധിച്ച് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് അലീഷ മാത്യു ഡോ. ശ്രീതു ഗോപിക്കെതിരെ കേസെടുത്ത് അന്വേഷിക്കുവാൻ ഉത്തരവായി.
പരാതിക്കാരനുവേണ്ടി അഡ്വ. ഗോപകുമാർ മാന്പുഴ, അഡ്വ. കെ.എം. അബ്ദുൾഷുക്കൂർ, അഡ്വ. ജി. നിധിൻ, അഡ്വ. അക്ഷയ് പവൻ എന്നിവർ ഹാജരായി.