ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഐഎസ് ഭീകരബന്ധം സംശയിക്കുന്ന കോയന്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനക്കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു.
തമിഴ്നാട് സർക്കാരിന്റെ ശിപാർശയനുസരിച്ച് കേസന്വേഷണം ഏറ്റെടുത്ത എൻഐഎയ്ക്ക് പ്രതികളുടെ കേരളബന്ധത്തെക്കുറിച്ചു സൂചന കിട്ടിയിട്ടുണ്ട്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീന്റെ ബന്ധുവായ അഫ്സറിനെക്കൂടി ഇന്നലെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കോയന്പത്തൂർ കാർ ബോംബ് കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് അഫ്സർ.
കോയന്പത്തൂർ നഗരമധ്യത്തിലുള്ള കോട്ടായി ഈശ്വരൻ ക്ഷേത്രത്തിനു മുന്നിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ജമേഷ മുബീൻ (29) എന്നയാൾ കൊല്ലപ്പെട്ടതു ചാവേർ ആക്രമണം ആണെന്നാണു പോലീസിന്റെ നിഗമനം.
കൊല്ലപ്പെട്ട മുബീനും കൂട്ടാളികളും തൃശൂർ ജയിലിൽ കഴിയുന്ന റാഷിദ് അലി, അഷറുദ്ദീൻ എന്നിവരുമായി പലതവണ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.
ഭീകരബന്ധത്തിന് എൻഐഎ നേരത്തേ അറസ്റ്റ് ചെയ്തവരാണ് റാഷിദും അഷറുദ്ദീനും.
കോയന്പത്തൂരിലെ പ്രതികൾ തൃശൂരിലെ ജയിലിലെത്തി റാഷിദും അഷറുദ്ദീനുമായി നേരിട്ടു സംസാരിച്ചിരുന്നോയെന്ന് അറിയിക്കാൻ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു.
സ്ഫോടനത്തിൽ ഐഎസ് പോലുള്ള വിദേശ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണു പോലീസിന്റെ നിഗമനം.
സ്ഫോടനം നടന്ന സ്ഥലമല്ല പ്രതികളുടെ ലക്ഷ്യമെന്നും കോയന്പത്തൂരിൽ സ്ഫോടനപരന്പരയ്ക്കു ലക്ഷ്യമിട്ടിരുന്നതായും സൂചനകൾ ലഭിച്ചു.
മുബിന്റെ വസതിയിൽനിന്ന് അന്വേഷണ സംഘം കണ്ടെടുത്ത കുറിപ്പിൽ കോയന്പത്തൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയുടെ ലിസ്റ്റും ഉണ്ടായിരുന്നു.
മുബീന്റെ വീട്ടിൽനിന്നു കിട്ടിയ 76.5 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ് ആമസോണ്‍, ഫ്ളിപ്കാർട്ട് തുടങ്ങിയ ഓണ്‍ലൈൻ വ്യാപാര കേന്ദ്രങ്ങളിൽനിന്നു വാങ്ങിയതാണ്.
ആരൊക്കെ എത്ര കിലോ വീതം ഇത്തരം വസ്തുക്കൾ വാങ്ങിയിട്ടുണ്ടെന്നതിന്റെ വിശദാംശങ്ങൾ നൽകാൻ ഈ കന്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ 4.30നുണ്ടായ സ്ഫോടനക്കേസിൽ ഞെട്ടിക്കുന്ന പല കണ്ടെത്തലുകളുമാണു പുറത്തുവരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉന്നതതല യോഗം വിളിച്ചു സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.
പ്രതികൾ കേരളത്തിലെത്തി
കോയന്പത്തൂരിലെ കോട്ടായി ഈശ്വരൻ ക്ഷേത്രത്തിനു മുന്നിൽ ഞായറാഴ്ച പുലർച്ചെ 4.30നായിരുന്നു സ്ഫോടനം.
മാരുതി 800 കാറിലുണ്ടായിരുന്ന എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ജമേഷ മുബീൻ എന്നയാൾ മരിച്ചു. സ്ഫോടനം അപകടമാണെന്നാണു കരുതിയിരുന്നത്. പിന്നീടാണ് ഭീകരാക്രമണമെന്ന സൂചന കിട്ടിയത്.
മുബീന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നാടൻ ബോംബുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന 76.5 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ, കരി, സൾഫർ തുടങ്ങിയ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതോടെയാണ് ഭീകരബന്ധത്തിന്റെ സൂചന കിട്ടിയതെന്ന് തമിഴ്നാട് ഡിജിപി ശൈലേന്ദ്ര ബാബു പറഞ്ഞു.
സ്ഫോടനദിവസം ചാക്കിൽ പൊതിഞ്ഞ ഭാരമേറിയ സാധനങ്ങൾ നാലുപേർ കൊണ്ടുപോകുന്നത് മുബീന്റെ വീടിനു പുറകുവശത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി.