സ്വന്തം ലേഖകൻ
കോയമ്പത്തൂർ: സ്ഫോടന കേസിലെ ഒരു പ്രതി ഐഎസ് ബന്ധം സമ്മതിച്ചുവെന്ന് വിവരം. സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നതെന്നാണ് സൂചന.
കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ ഇവർ കണ്ടിട്ടുണ്ട്.
കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നു എന്ന് ഇയാൾ വെളിപ്പെടുത്തി.
2020 ൽ ഇയാളെ യുഎഇയിൽനിന്ന് ഐഎസ് ബന്ധം ആരോപിച്ച് തിരികെ അയച്ചിരുന്നു. ഇന്ത്യയിലെത്തിയശേഷവും ഐഎസ് ബന്ധം സൂക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കോയന്പത്തൂരിൽ 31ന് ബന്ദ് ബിജെപിയിൽ അഭിപ്രായഭിന്നത
പാലക്കാട്: കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ പ്രതിഷേധിച്ച് കോയമ്പത്തൂരിൽ 31ന് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധത്തെ ചൊല്ലി ബിജെപിയിൽ അഭിപ്രായഭിന്നത.
ഭീകരതയെ ചെറുക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോയമ്പത്തൂർ സൗത്ത് എംഎൽഎയും മഹിളാ മോർച്ച ദേശീയ അധ്യക്ഷയുമായ വനതി ശ്രീനിവാസനാണ് ബന്ദിന് ആഹ്വാനം നൽകിയത്.
എന്നാൽ ബന്ദ് നടത്താൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ, മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ അറിയിച്ചു.
ബന്ദിനെതിരെ കോയമ്പത്തൂരിലെ വ്യാപാരിയായ വി.ആർ.വെങ്കിടേഷ് നൽകിയ പൊതു താൽപ്പര്യ ഹർജി പരിഗണിക്കവേയാണ് അണ്ണാമലൈ ഇക്കാര്യം വിശദമാക്കിയത്.