മുണ്ടക്കയം: പത്തുരൂപ തുട്ടിന് മുണ്ടക്കയത്തെ കംഫർട്ട് സ്റ്റേഷനിൽ അപ്രഖ്യാപിത വിലക്കെന്ന് ആരോപണം. പത്തു രൂപ തുട്ട് അസാധുവാക്കിയില്ലെങ്കിലും മുണ്ടക്കയത്ത് കംഫർട്ടു സ്റ്റേഷനിൽ ഇതിനു വിലക്കാണ്. കഴിഞ്ഞ ദിവസം ഇവിടെ മൂത്രമൊഴിച്ചശേഷം പത്തുരൂപ തുട്ടുനൽകിയപ്പോഴാണ് പുലിവാലായത്.
യാത്രയ്ക്കിടെ മൂത്രശങ്കയെ തുടർന്നാണ് പീരുമേട് സ്വദേശി മുണ്ടക്കയം ബസ്സ്റ്റാൻഡിലുളള കംഫർട്ടു സ്റ്റേഷനിൽ ഇറങ്ങി കാര്യം സാധിച്ചത്. തുടർന്ന് പത്തു രൂപ തുട്ടു നൽകിയതോടെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനുമായി വാക്കു തർക്കമായി.
തുട്ടു നിരോധിച്ചിട്ടില്ലന്ന് പറഞ്ഞെങ്കിലും ജീവനക്കാരൻ വിട്ടുവീഴ്ചക്കു തയാറായില്ല. പീരുമേട്ടിലേക്കുള്ള ബസ് യാത്രക്കാരനുവേണ്ടി ഹോൺ മുഴക്കിയതോടെ വേറെ മാർഗമില്ലാതെ രണ്ടുരൂപ നൽകി മടങ്ങുകയായിരുന്നു. ജീവനക്കാരുടെ നടപടിക്കെതിരേ പഞ്ചായത്തിനും ഫിനാൻസ് സെക്രട്ടറിക്കും പരാതി നൽകാനൊരുങ്ങുകയാണ് പീരുമേട് സ്വദേശി.