തീർഥാടനകേന്ദ്രങ്ങളിൽ ആചാരത്തിന്റെ ഭാഗമായി നാണയങ്ങള്‍ എറിയുന്ന പതിവുണ്ട്. ഈവിധം നീരുറവകളിലെ വെള്ളത്തിലും മറ്റും വീഴുന്ന നാണയങ്ങള്‍ വലിയ പരിസ്ഥിതി പ്രശ്നമാണു സൃഷ്ടിക്കുന്നതെന്നു പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ കണ്ടെത്തലിനെ തുടർന്നു ജപ്പാനിൽ നാണയമേറ് നിയമം മൂലം നിരോധിച്ചിരിക്കുകയാണ്.
ജപ്പാനിലെ യമനാഷി പ്രവിശ്യയിൽ എട്ടു നീരുറവകൾ ചേർന്നതാണ് ഒഷിനോ ഹക്കായ് എന്ന ജലാശയം. ഫുജി പർവതത്തിൽനിന്ന് ഒഴുകിവരുന്ന ചെറു അരുവികള്കൊണ്ടാണ് ഒഷിനോ ഹക്കായ് രൂപപ്പെട്ടത്. പേരുകേട്ട വിനോദ സഞ്ചാരകേന്ദ്രം കൂടിയാണിവിടം.
പ്രകൃതിദത്തമായ ഒരു അത്ഭുതമായി കണക്കാക്കുന്ന ഈ പ്രദേശത്തെ 2013ൽ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. ഇവിടെയെത്തുന്നവർ ദൈവസാന്നിധ്യമുണ്ടെന്നു വിശ്വസിച്ച് അരുവികളിലേക്ക് നാണയമെറിയുന്ന ചടങ്ങുണ്ട്. വർഷങ്ങളായി തുടരുന്ന ഈ പ്രവൃത്തി മൂലം ഇവിടത്തെ ജലാശയങ്ങളിൽ നാണയങ്ങൾ കുമിഞ്ഞുകൂടിയ അവസ്ഥയാണ്.
ചില നാണയക്കൂനകള്ക്ക് ഒരു മീറ്ററോളം ഉയരമുണ്ടത്രെ. ചെളിയിൽ പൂണ്ടുപോയ നാണയങ്ങൾ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും പറയുന്നു. നാണയങ്ങൾ നിറഞ്ഞതോടെ ജലാശയം മലിനമായെന്നും സ്വാഭാവികമായി വളർന്നിരുന്ന പല സസ്യങ്ങളും നശിച്ചുപോയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാണയം എറിയുന്നത് നിരോധിച്ച സർക്കാർ, എറിയുന്നവർക്ക് അഞ്ചു വർഷം വരെ തടവോ 5.75 ലക്ഷം രൂപ വരെ പിഴയോ ശിക്ഷ ലഭിക്കുമെന്നും വ്യക്തമാക്കി. പക്ഷേ നാണയമേറ് ഇപ്പോഴും തുടരുന്നതായാണു റിപ്പോർട്ട്.