തിരുവില്വാമല: പഞ്ചായത്തിലെ ചില ബാങ്കുകളിലും കടകളിലും പത്തുരൂപ നാണയങ്ങൾക്ക് പ്രഖ്യാപിത വിലക്കുള്ളതായി പരാതി. ടൗണിലെ പ്രമുഖ ബാങ്കിൽ പത്തിന്റെ നാണയങ്ങൾ നിക്ഷേപിക്കാനെത്തിയ ഇടപാടുകാരിൽനിന്ന് നാണയം സ്വീകരിക്കാൻ അധികൃതർ തയാറായില്ല.
ഇതിനെത്തുടർന്ന് പത്തിന്റെ നായണങ്ങൾ നിരോധിച്ചതായാണ് പ്രചാരണം. എന്നാൽ ബാങ്ക് അധികൃതർ വാർത്ത നിഷേധിച്ചു. നാണയത്തിന് വിലക്കില്ലെന്നും എണ്ണി തിട്ടപ്പെടുത്താനുള്ള സമയക്കുറവുമൂലമാണ് പത്തിന്റെ നാണയങ്ങൾ സ്വീകരിക്കാത്തതെന്ന് ബാങ്കിന്റെ മാനേജർ പറഞ്ഞു. നോട്ടുക്ഷാമംമൂലം ഈ ബാങ്കിന്റെ എടിഎമ്മും ഒരാഴ്ചയിലേറെയായി അടഞ്ഞുകിടക്കുകയായിരുന്നു.
വിഷു-ഈസ്റ്റർ ആഘോഷത്തിന് ആവശ്യത്തിന് പണം കിട്ടാതെ ജനം നട്ടംതിരിയുന്നതിനിടയിലാണ് പത്തുരൂപ നാണയങ്ങൾ ബാങ്കുകളിലും കടകളിലും സ്വീകരിക്കാതിരിക്കുന്നത്. ബസുകളിലും പത്തുരൂപ നാണയങ്ങൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.