പെരിന്തൽമണ്ണ: മൂന്ന് വയസു പ്രായമുള്ള ആണ്‍കുട്ടി വിഴുങ്ങിയ രണ്ടുരൂപ നാണയം സർജറി കൂടാതെ പുറത്തെടുത്തു. പട്ടാന്പി കീഴായൂർ സ്വദേശിയായ ആണ്‍കുട്ടി കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ നാണയം വിഴുങ്ങുകയായിരുന്നു.
ഭക്ഷണം കഴിപ്പിക്കുന്നതിനിടെ ഛർദിയും അസ്വസ്ഥതയും പ്രകടിപ്പിച്ച കുട്ടിയെ പട്ടാന്പിയിലെ സ്വകാര്യആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്ക് വേണ്ടി കിംസ് അൽശിഫയിലും പ്രവേശിപ്പിച്ചു.
എമർജൻസി വിഭാഗം മേധാവി ഡോ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ അപകടകരമാംവിധം അന്നനാളത്തിൽ കുടുങ്ങിയ നാണയം കണ്ടെത്തുകയും തുടർന്ന് ഇഎൻടി വിഭാഗം മേധാവി ഡോ.അഭിലാഷ് അലക്സ്, അനസ്തറ്റിസ്റ്റ് ഡോ.ഷമീം, ഡോ.രാകേഷ്, ഡോ.അരുണ്‍ എന്നിവരുടെ നേതൃത്വത്തിൽ അന്നനാളത്തിലൂടെ ഈസോഫാഗോ സ്കോപ്പിയിലൂടെ സർജറി കൂടാതെ നാണയം പുറത്തെടുത്തു.
അപകടനില തരണം ചെയ്ത കുട്ടിയെ നിരീക്ഷണത്തിനു ശേഷം ഡിസ്ചാർജ് ചെയ്തു.