ആലപ്പുഴ: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ചില്ലറക്ഷാമം രൂക്ഷമാകുന്നു. ഒന്ന്, രണ്ട്, അഞ്ച് രൂപകളുടെ നാണയത്തുട്ടുകളും പത്തു മുതൽ 100 രൂപവരെയുള്ള നോട്ടുകൾക്കുമാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്. വൻകിട വ്യാപാര സ്ഥാപനങ്ങളിലും ചെറുകിട പലചരക്ക് കടകളിലും ബേക്കറികളിലുമടക്കം ചില്ലറക്ഷാമം അതിരൂക്ഷമാണ്.
നാണയത്തുട്ടുകൾക്കാണ് ഏറ്റവും ക്ഷാമമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരുരൂപ മുതൽ അഞ്ചുരൂപ വരെയുള്ള നാണയങ്ങൾ വിപണിയിലേക്കു എത്തുന്നില്ലെന്നാണ് ഇവർ പറയുന്നത്. അതേസമയം പത്തുരൂപ മുതൽ നൂറുരൂപ വരെയുള്ള നോട്ടുകൾക്കും സമാന അവസ്ഥയാണെന്നും വ്യാപാരികളും പറയുന്നു. ഇതുമൂലം സാധനങ്ങൾ വിറ്റശേഷം ബാക്കിത്തുക കൊടുക്കാൻ വ്യാപാരികൾ ഏറേ ബുദ്ധിമുട്ടുകയാണ്.
കടകളിൽ എത്തുന്നവരിൽ ഭൂരിഭാഗംപേരും വലിയ നോട്ടുകളുമായിട്ടാണ് സാധനങ്ങൾ വാങ്ങാൻ എത്തുന്നതെന്നാണ് ഇവരുടെ വാദം. എന്നാൽ ചില്ലറകൾ ഉണ്ടെങ്കിൽ തന്നെ തരാൻ വ്യാപാരികൾക്ക് വലിയ മടിയാണെന്നാണ് ഉപഭോക്താക്കളുടെ പക്ഷം.
പണ്ടൊക്കെ സാധനങ്ങൾ വാങ്ങി മിച്ചം വരുന്ന ഒന്നോ രണ്ടോ രൂപയ്ക്ക് മിഠായി വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ബാക്കി വരുന്ന തുകയ്ക്ക് നിർബന്ധപൂർവം മിഠായി തന്നേണ്ട അവസ്ഥയാണെന്നും ഒട്ടുമിക്ക കടകളിലും ചില്ലറയ്ക്ക് പകരം മിഠായി തരുന്ന ശീലമാണ് ഇപ്പോൾ ഉള്ളതെന്നും ഉപഭോക്താക്കൾ പറയുന്നു. മറ്റു ചില കച്ചവടക്കാർ ബാക്കിവരുന്ന തുകയ്ക്കും കൂടി സാധനങ്ങൾ തരാറാണ് പതിവെന്നും ഇവർ പറയുന്നു.
2000 രൂപയുടെ നോട്ടും വലിയ തിരിച്ചടിയാണ്. 2000 രൂപയുടെ നോട്ടുമായി കടകളിൽ പോകുന്ന ഒരു സാധാരണക്കാരന് ഭാഗ്യംകൊണ്ടുമാത്രമാണ് ബാക്കിത്തുക കിട്ടുന്നത്. വ്യാപാരികളുമായി വാക്കുതർക്കംവരെ ഉണ്ടാകുന്ന സംഭവവും പതിവാണ്. പുതിയ 1000 രൂപയുടെ നോട്ടുകൾ ഇനിയും ഇറങ്ങാത്തതു വലിയ പ്രതിസന്ധിയാണ്. ഇതു പരിഹരിക്കത്തക്കവിധം 500 രൂപയുടെ നോട്ടുകൾ ലഭ്യമല്ലാത്തതു പ്രതിസന്ധി ഇരട്ടിയാക്കുന്നു.
ബാങ്കുകളിൽ നിന്നും ആവശ്യത്തിനു ചില്ലറകൾ ലഭ്യമാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നതാണ് മറ്റൊരു വസ്തുത. എടിഎമ്മുകളിൽ നിന്നും ഒരിക്കൽ പോലും ചില്ലറ ലഭിക്കാറില്ല. 500, 2000 രൂപയുടെ നോട്ടുകൾ മാത്രമാണ് മിക്ക എടിഎമ്മുകളിലും ഉള്ളത്. ബസുകളിലെ അവസ്ഥയ്ക്കും വലിയ മാറ്റമൊന്നുമില്ല. 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നതിന് മിക്ക ബസുകാരും മടികാണിക്കുന്നുണ്ട്.
50 പൈസയ്ക്ക് അപ്രഖ്യാപിത വിലക്കോ?
ആലപ്പുഴ: വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ബസുകളിലുമടക്കം 50 പൈസയ്ക്ക് അപ്രഖ്യാപിത വിലക്കോ?. 50 പൈസ സ്വീകരിക്കാൻ വ്യാപാരികളും ബസ് കണ്ട്കടർമാരും അടക്കമുള്ളവർ വിമുഖത കാണിക്കുന്നു. നിലവിൽ സർക്കാർ 50 പൈസയ്ക്ക് യാതൊരുവിധ നിരോധനവും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും അതു സ്വീകരിക്കാൻ വ്യാപാരികൾക്ക് എന്നതുപോലെ ഉപഭോകതാക്കളും മടി കാണിക്കുന്നു. ഇത്തരത്തിൽ ആർക്കും വേണ്ടാതെ കടകളിലും വ്യാപാരസ്ഥാപനങ്ങളിലും ധാരാളം 50 പൈസ നാണയത്തുട്ടുകളുമുണ്ടെന്നാണ് കേൾവി.
കൃത്യം ചില്ലറയുമായി ബസിൽ കയറിയില്ലെങ്കിൽ ബാക്കി കിട്ടുന്ന കാര്യവും സംശയമാണ്. കഐസ്ആർടിസി ബസുകളാണ് ഇതിൽ ഏറ്റവും മുന്പന്തിയിലുള്ളത്. വിദ്യാർഥികളിൽ നിന്നും കണ്സെഷൻ തുക ചില്ലറ ലഭിക്കുന്നതിനാൽ സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ സ്വകാര്യ ബസുകളിൽ ചില്ലറക്ഷാമത്തിന് ചെറിയ ഒരളവിൽ പരിഹാരമാകുന്നുണ്ട്.