മുംബൈ: ട്രെയിൻ തട്ടി മരിച്ച യാചകന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നത് ഒന്നര ലക്ഷം രൂപയുടെ നാണയങ്ങൾ. പല ബാങ്കുകളിലായുള്ള സ്ഥിരനിക്ഷേപം 8.77 ലക്ഷം രൂപ. തെക്കുകിഴക്കൻ മുംബൈയിലെ ഗോവണ്ഡിയിലെ ചേരിയിൽ താമസിച്ചിരുന്ന ബിർജു ചന്ദ്ര ആസാദ് (62) എന്ന യാചകനാണ് പോലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥരെ അന്പരപ്പിച്ചത്.
ചേരിയിലെ ജീർണിച്ച ഒറ്റമുറി വീട്ടിലായിരുന്നു ബിർജുവിന്റെ താമസം. വീട്ടിൽ ഒറ്റയ്ക്കാണ് ഇയാൾ കഴിഞ്ഞുവന്നത്. മുറി നിറയെ പഴയ പത്രക്കടലാസുകളും പ്ലാസ്റ്റിക് ബാഗുകളും കുപ്പികളുമായിരുന്നു. മരണശേഷം ഇദ്ദേഹത്തിന്റെ ബന്ധുക്കളെ തേടി ഇവിടെയെത്തിയ റെയിൽവേ പോലീസ് വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് അന്പരന്നത്.
ബക്കറ്റിലും ചാക്കിലുമായി നിറച്ചു സൂക്ഷിച്ചിരുന്ന നാണയത്തുട്ടുകൾ കണ്ട് പോലീസ് അന്പരന്നു. മണിക്കൂറുകൾ ചെലവിട്ടാണ് ഇവ പോലീസ് സംഘം എണ്ണിത്തിട്ടപ്പെടുത്തിയത്. ഇയാളുടെ വീട്ടിൽനിന്നും വിവിധ ബാങ്കുകളിലെ പാസ് ബുക്കുകളും ലഭിച്ചു. ബാങ്കിൽ സ്ഥിരനിക്ഷേപമായി 8.77 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്.
ബിർജു പണം നിക്ഷേപിച്ച എല്ലാ ബാങ്കുകളിലും പോലീസ് ബന്ധപ്പെട്ടു. ഇയാളുടെ നിക്ഷേപം സുരക്ഷിതമായിരിക്കണമെന്നു പോലീസ് നിർദേശിച്ചു. നാണയങ്ങൾ ഏറ്റെടുക്കുകയും ബന്ധുക്കളെ തെരഞ്ഞുവരികയുമാണ് പോലീസ്.
രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. ഒരാൾ രാജസ്ഥാനിലും രണ്ടാമത്തെയാൾ മുംബൈയിലുമാണുള്ളത്. മുംബൈയിലെ മകൻ ജോലി ആവശ്യത്തിന് ഗോവയിലായിരുന്നു.
മക്കൾ ആദ്യം അച്ഛനൊപ്പമായിരുന്നു. എന്നാൽ ജോലി ലഭിച്ച ശേഷം ഇരുവരും ഇവിടം വിട്ടു. അപ്പോഴും പഴയ വീട്ടിൽ ബിർജു തുടർന്നു. വർഷങ്ങളായി ഭിക്ഷയെടുത്ത് ലഭിച്ച തുകയാണിതെന്നാണ് ചേരിയിലുള്ള ഇദ്ദേഹത്തിന്റെ പരിചയക്കാർ പറയുന്നത്.
ഒക്ടോബർ നാലിനായിരുന്നു ബിർജുവിനു ജീവൻ നഷ്ടമായ അപകടം സംഭവിച്ചത്. രാത്രി ഗോവണ്ഡി-മാൻഖുർഡ് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്പോൾ ട്രെയിൻ തട്ടുകയായിരുന്നു.