ഗാന്ധിനഗർ: കോവിഡ് ലക്ഷണങ്ങളുമായി എത്തുന്നവർക്ക് വൈറൽ പനിയാണെന്നു പറഞ്ഞ് മടക്കി അയയ്ക്കുന്നതായി പരാതി. വീട്ടിലെത്തിയവർ സംശയം തോന്നി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നു.
കഴിഞ്ഞയാഴ്ച മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി, അതിരന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചികിത്സ തേടിയെത്തിയവർക്കാണ് ഈ ദുരനുഭവം.
കഴിഞ്ഞദിവസം രാവിലെ കടുത്ത പനിയും, ജലദോഷവുമായി മാന്നാനം സ്വദേശികളായ എട്ടും, നാലും വയസുള്ള രണ്ട് കുട്ടികളെ മാതാപിതാക്കൾ കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും കോവിഡ് ലക്ഷണങ്ങളുമുണ്ടായിരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ വൈറൽ പനിയാണെന്നും അഞ്ച് ദിവസം മരുന്നു കഴിച്ചാൽ മതിയെന്നും പറഞ്ഞു മരുന്നു നൽകി മടക്കി അയച്ചു. വൈകുന്നേരമായപ്പോൾ പനി കൂടി.
സംശയം തോന്നി അപ്പോൾത്തന്നെ കോവിഡ് പരിശോധന നടത്തി. ഫലം വന്നപ്പോൾ കുട്ടികളടക്കം വീട്ടിലുള്ള അഞ്ചു പേരും പോസിറ്റീവ്.
കുട്ടികളുടെ അമ്മ മെഡിക്കൽ കോളജ് ജീവനക്കാരിയാണ്. കഴിഞ്ഞയാഴ്ച ഇവരുടെ സഹപ്രവർത്തകയ്ക്കു കോവിഡ് സ്ഥിരീകരിക്കുകയും ക്വാറന്റൈനിൽ പോകുകയും ചെയ്തിരുന്നു.
ജീവനക്കാരുടെ കുറവുമൂലം കുട്ടികളുടെ മാതാവിന് നിശ്ചിത ദിവസം ക്വാറന്റൈൻ അനുവദിച്ചിരുന്നില്ല. ഇതാണു കുട്ടികൾക്കു കോവിഡ് ബാധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ ആറിനു കോവിഡ് ചികിത്സയിൽ കഴിയവേ മരണമടഞ്ഞ മാന്നാനം കുട്ടിപ്പടി സ്വദേശി കൃഷ്ണൻകുട്ടി(75)യുടേയും സ്ഥിതി സമാനമായിരുന്നു. പനിയെത്തുടർന്ന് അതിരന്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
വൈറൽ പനിയാണെന്നു പറഞ്ഞു മരുന്നുനൽകി വിട്ടയച്ചു. അടുത്തദിവസം പനി കൂടുകയും ആരോഗ്യനില മോശമാകുകയും ചെയ്തു. ഉടൻ മെഡിക്കൽ കോളജിലെത്തിച്ചു.
ചികിത്സയ്ക്കിടെ കോവിഡ് പരിശോധന നടത്തി. ഫലം പോസറ്റീവായതിനെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും അധികം വൈകാതെ മരിച്ചു.
കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തിയാൽ ആന്റിജൻ ടെസ്റ്റെങ്കിലും നടത്താൻ അധികൃതർ തയാറായാൽ രോഗവ്യാപനത്തിന്റെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നു നാട്ടുകാർ പറയുന്നു.
ആന്റിജൻ ടെസ്റ്റിനുള്ള കിറ്റുകളുടെ ദൗർലഭ്യം മൂലമാണ് കോവിഡ് ലക്ഷണങ്ങളുമായി വരുന്ന ആളുകളെ പരിശോധിക്കാൻ കഴിയാത്തതെന്ന് ആരോഗ്യപ്രവർത്തകരും പറയുന്നു.