ആലപ്പുഴ: കയർ വ്യവസായരംഗത്തിനു ഉണർവു നല്കി കയർത്തടിയിൽ നിർമിച്ച വീടു യാഥാർഥ്യമാകുന്നു. പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യ കെട്ടിട നിർമാണരംഗത്തു പുത്തൻ ഉണർവു നല്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ആലപ്പുഴ നഗരചത്വരത്തിൽ 370 സ്ക്വയർഫീറ്റ് ചുറ്റളവിൽ നിർമിച്ചിട്ടുള്ള കയർത്തടിവീടിന്റെ ഔപചാരിക ഉദ്ഘാടനം ഇന്നു വൈകുന്നേരം 5.30നു ധനകാര്യ കയർമന്ത്രി ഡോ. തോമസ് ഐസക് നിർവഹിക്കും.
കെ.സി. വേണുഗോപാൽ എംപി വിശിഷ്ടാതിഥിയാകും. കയർബോർഡ് ചെയർമാൻ സി.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിക്കും. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സൂക്ഷ്മ ലഘു ചെറുകിട മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കയർ ബോർഡിന്റെ ഗവേഷണസ്ഥാപനമായ ബംഗളുരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ മീഡിയ എന്റർപ്രൈസസ് വികസിപ്പിച്ചെടുത്ത സാങ്കേതിക നാളീകേരത്തിന്റെ തൊണ്ടിൽനിന്നു വേർതിരിച്ചെടുക്കുന്ന ചകിരി പരിസ്ഥിതി സൗഹൃദമായ റസിനുമായി ഇടകലർത്തി ഹൈഡ്രോളിക്സ് മെഷീൻ ഉപയോഗിച്ചു ദൃഢപ്പെടുത്തിയാണു കയർത്തടി നിർമിക്കുന്നത്.
ഇങ്ങനെ രൂപപ്പെടുത്തിയെടുക്കുന്ന കയർത്തടിക്കു സാധാരണ മരത്തിൽനിന്നു ലഭിക്കുന്ന മരത്തടിയേക്കാൾ കാഠിന്യമുണ്ട്. കൂടാതെ ചകിരിയിൽ അടങ്ങിയിരിക്കുന്ന 45 ശതമാനം ലിഗ്നിൻ എന്ന സങ്കീർണ പദാർഥം ചിതലിന്റെയും പൂപ്പലിന്റെയും ആക്രമണത്തെ പ്രതിരോധിച്ചു കൂടുതൽ ജീവിതദൈർഘ്യം കയർതടി ഉറപ്പു വരുത്തുന്നു.
ആഗോള താപനത്തെ ചെറുത്തു പരിസ്ഥിതി സൗഹൃദവും ചിലവു കുറഞ്ഞതുമായ വീടുകളുടെ നിർമാണം കയർ തടിയിൽ തീർത്ത് ആവാസ വ്യവസ്ഥയെ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.