ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുകിട കയർഫാക്ടറി ഉടമകൾ പ്രക്ഷോഭത്തിലേയ്ക്ക്. ഇതിൻറെ ഭാഗമായി കേരളാ സ്റ്റേറ്റ് സ്മാൾ സ്കെയിൽ കയർ മാനുഫാക്ചേഴ്സ് ഫെഡറേഷൻറെ നേതൃത്വത്തിൽ ഒന്പതിന് ചേർത്തല ഷിപ്പേഴ്സ് കൗണ്സിൽ ഓഫിസിന് മുന്നിൽ കൂട്ടധർണ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ചകിരിയുടേയും കയറിൻറെയും വില അനിയന്ത്രിതമായി വർധിച്ചതു മൂലം ചെറുകിട കയർഫാക്ടറി ഉടമകൾ ദുരിതത്തിലാണ്. ഉല്പാദന ചെലവ് അമിതമായി വർധിച്ചതുമൂലം നിർമാണം നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണ്. ഒരുകിലോ ചകിരിക്ക് 16.30 രൂപയും വൈക്കം കയറിനു 36 രൂപയും പരിഗണിച്ചുള്ള വിലയാണ് നിലവിൽ കയർ ഉല്പന്നങ്ങൾക്കുള്ളത്. എന്നാൽ ഇപ്പോൾ ചകിരിയുടെ വില 31.75 രൂപയും വൈക്കം കയറിൻറെ വില സബ്സിഡി കൂടാതെ 52 രൂപയായും വർധിച്ചു.
കൂടാതെ കയർ ഇതര ഉല്പാദന മേഖലയിലെ സർവീസ് ചാർജും പുതുക്കി തീരുമാനിച്ചിട്ടില്ല. കയർ വ്യവസായത്തിലെ 75 ശതമാനത്തോളം വരുന്ന തടുക്ക് ഉല്പാദന മേഖല ഓർഡർ ലഭിക്കാത്തതുമൂലം സ്തംഭനത്തിലുമാണ്. കയർ കോർപറേഷൻ സ്റ്റോക്കായി വാങ്ങുന്ന ഉല്പന്നങ്ങളുടെ ഓർഡർ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.
ഇതുമാസത്തിൽ പത്തുദിവസത്തെ തൊഴിൽ പോലും നൽകുന്നില്ല. പാ നെയ്ത്ത് മേഖലയ്ക്ക് ആവശ്യമായ കയർ ലഭിക്കാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു. കയർഫെഡിൽ നിന്ന് സബ്സിഡി നിരക്കിലുള്ള 200 റണ്ണേജ് ആയി തരുന്ന വൈക്കം കയർ 160 റണ്ണേജ് പോലും കാണില്ല. പിപിഎസ് സ്കീം പ്രകാരം കയർ കോർപറേഷനിൽ നിന്നും കയറ്റുമതിക്കാർ വാങ്ങുന്ന ഉൽപ്പന്നത്തിനു 10 ശതമാനം സബ്സിഡി ലഭിക്കും.
എന്നിട്ടും കയർ കോർപറേഷനിൽ ഓർഡർ കൊടുത്ത് തടുക്ക് ഉല്പന്നങ്ങൾ വാങ്ങാതെ ഇടനിലക്കാരായ ഡിപ്പോക്കാർ വഴി വിലകുറച്ച് ഉല്പന്നങ്ങൾ വാങ്ങുന്നത് വ്യാപകമാണ്. ഉല്പന്നങ്ങളുടെ വില തീരുമാനിക്കുന്നതിന് സർക്കാർ രൂപീകരിച്ചിട്ടുള്ള ഗ്രീവൻസ് കമ്മിറ്റി കൂടാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു.
അസംസ്കൃത സാധനങ്ങളുടെ വില 10 ശതമാനം വർധിച്ചാൽ ഉല്പന്നവില വില വർധിപ്പിക്കണമെന്നും വില കുറഞ്ഞാൽ ഉല്പന്നവില കുറയ്ക്കണമെന്നുമാണ് സർക്കാർ നിർദേശം. ഇതിൻറെ അടിസ്ഥാനത്തിൽ 2016 ൽ 10 മുതൽ 25 ശതമാനം വരെ ഉൽപ്പന്നവില കുറച്ചിരുന്നു.എന്നാൽ ചകിരിയുടെ വില ഇപ്പോൾ 94.8 ശതമാനം വർധിച്ചിട്ടും ഗ്രീവൻസ് കമ്മിറ്റി കൂടി ഉല്പന്ന വില പുതുക്കി നിശ്ചയിച്ചിട്ടില്ല.
കയർ വ്യവസായത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് നടപ്പാക്കുന്ന എംഡിഎ സ്കീമിന് കേന്ദ്രസർക്കാർ നൽകിവന്ന വിഹിതം ഏകപക്ഷീയമായി നിർത്തലാക്കി. ഇതു സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി.
ഇത്തരം വിഷയങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ മറ്റ് സംഘടനകളുമായി ചേർന്ന് കയർഫാക്ടറികളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നത് അടക്കമുള്ള സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികളായ പ്രസിഡൻറ് എം.പി. പവിത്രൻ, ജനറൽ സെക്രട്ടറി ഡി. സനൽകുമാർ, വർക്കിംഗ് പ്രസിഡൻറ് വി.എം. ഹരിഹരൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.