ചേർത്തല: സിപിഎം കഞ്ഞിക്കുഴി ഏരിയാസമ്മേളനത്തിലെ പ്രതിനിധി സമ്മേളനം സമാപിച്ചു. നിലവിലുള്ള 17 പേരെയും നിലനിർത്തി നാലു പുതുമുഖങ്ങളെ ഉൾപെടുത്തി പുതിയ ഏരിയാ കമ്മിറ്റിയെ സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറിയായി എസ്.രാധാകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. സി.വി മനോഹരൻ, അർത്തുങ്കൽ ലോക്കൽ സെക്രട്ടറി എൻ.ഡി ഷിമ്മി, കെ.എൻ കാർത്തികേയൻ, എസ്.ദേവദാസ് എന്നിവരെയാണ് പുതുതായി ഉൾപെടുത്തിയത്.
കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ തോമസ് ഐസക്കിൽ നിന്നും വകുപ്പ് മാറ്റി ജി.സുധാകരനെ ഏല്പിക്കണമന്ന് പ്രതിനിധികൾക്കിടയിൽ നിന്നും ആവശ്യമുയർന്നു. വകുപ്പുകളുടെ തിരക്കിൽ ഐസക്കിനു കയർമേഖലക്കായി ഒന്നും ചെയ്യാനാകുന്നില്ലെന്നായിരുന്നു വിമർശനം ആദ്യ ദിനം സമ്മേളനത്തിൽ സിപിഐ ക്കെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങളിൽ നേതൃത്വം മറുപടി നൽകി.
പ്രതിനിധികളുന്നയിച്ച വിഷയത്തിൽ ഇടപെടലുണ്ടാകുമെന്ന് മറുപടി പറഞ്ഞ ജില്ലാ സെക്രട്ടറി സജിചെറിയാൻ,സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബു എന്നിവർ സൂചിപിച്ചതായാണ് വിവരം. പാർട്ടിയുടെ കോട്ടയായിരുന്ന ചേർത്തല തെക്കു പഞ്ചായത്തിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ചയായി. പഞ്ചായത്തു തെരഞ്ഞെടുപ്പിലെ കാൽ നൂറ്റാണ്ടിനു ശേഷമുള്ള തോൽവിയിലടക്കം വിമർശനമുണ്ടായി.
കയർ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് സമഗ്രമായ പദ്ധതി നടപ്പാക്കണമെന്ന് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. മലിനീകരണം തടഞ്ഞ് വേന്പനാട് കായൽ സംരക്ഷിക്കുക, കക്കാ വ്യവസായ സഹകരണ സംഘങ്ങൾക്കുള്ള ഗ്രാൻഡ് വർധിപ്പിക്കുക, ചെത്തി, അർത്തുങ്കൽ മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമാണം അടിയന്തരമായി പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തി. ഇന്ന് മായിത്തറയിൽ ചുവപ്പു സേനാപരേഡും പൊതു സമ്മേളനവും നടക്കും. മന്ത്രി ജി.സുധാകരൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.