കോട്ടയം: ദിവസം നൂറോ നൂറ്റിയന്‍പതോ രൂപമാത്രം കൂലി. അതാവട്ടെ ആറു മാസമായി കുടിശികയും. വൈക്കം തീരമേഖലയില്‍ ഇതോടെ കയര്‍ നിര്‍മാണം നിശ്ചലമാവുകയാണ്. ഇഴയുന്ന കയര്വ്യവസായത്തെയും വഴിമുട്ടിയ തൊഴിലാളികളെയും കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരിനും യൂണിയനുകള്‍ക്കും സാധിക്കുന്നില്ല.
പരമ്പരാഗത രീതിയില്‍ തൊണ്ട് ചീയിച്ച് തല്ലി ചകിരിയെടുക്കേണ്ടതില്ല. തമിഴ്നാട്ടില്നിന്നുള്പ്പടെ എത്തിക്കുന്ന ചകിരി കയര്‍ സംഘങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കും. റാട്ട് തിരിച്ച് കൈയില്‍ കയര്‍ പിരിച്ചുണ്ടാക്കുന്ന രീതിയും അസ്തമിച്ചു. ഇക്കാലത്ത് വീടുകളോടു ചേര്‍ന്ന് സ്ത്രീ തൊഴിലാളികള്‍ യന്ത്രസഹായത്താല്‍ കയറുണ്ടാക്കുകയാണ്. പല തരത്തിലും കനത്തിലും നീളത്തിലുമുള്ള കയര്‍ പിരിച്ച് തൊഴിലാളികള്‍ തിരികെ സംഘത്തിലെത്തില് കൊടുക്കും.
ചകിരി നല്‍കിയതിന്റെ വില കുറച്ചാണ് തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുക. വിദേശത്തും വടക്കേ ഇന്ത്യയിലും കയറിന് പ്രിയം കൂടുമ്പോഴും കേരളത്തില്‍ കയറിന് വിപണി ഇടിയുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ കയര്‍ സൊസൈറ്റിയില്‍ കൊടുത്ത കയറിന് ഇപ്പോഴും പണം ലഭിക്കാത്തവരാണ് ടിവി പുരം, തലയാഴം, ചെമ്പ്, ചെമ്മനാകരി തുടങ്ങി തീരഗ്രാമങ്ങളിലെ തൊഴിലാളികള്‍. കയര്‍ പിരിച്ച് ജീവിതത്തിന്റെ ഇഴയടുപ്പിക്കാന്‍ ഈ തലമുറയിലൊരാള്ക്കും സാധിക്കില്ല. നാല്പതു വയസില്‍ താഴെ പ്രായമുള്ളവരാരും ഈ തൊഴിലിടത്തിലില്ല.
കോവിഡിനുശേഷം കയര്‍ നിര്‍മാണവും വിപണനവും അന്യം നില്‍ക്കുകയാണ്. പുതിയ വീടുകളിലും സ്ഥാപനങ്ങളിലും കയര്‍ ഉത്പന്നങ്ങള്‍ക്ക് പ്രിയം കുറഞ്ഞതിനാല്‍ സംഘങ്ങളില്‍ കയര്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്നു. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ ചെറിയ സാമ്പത്തിക ആശ്വാസം പോലും ലഭിക്കുന്നില്ല.
മാത്രവുമല്ല സാമ്പത്തിക ക്ലേശം മൂലം കയര്‍ സംഘങ്ങള്‍ മിക്കതും അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. വൈക്കം മേഖയില്‍ പതിനയ്യായിരത്തോളം വനിതകളാണ് കയറിനെ കൈവിട്ട് തൊഴിലുറപ്പ് ജോലിയിലേക്കു മാറാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ജില്ലയിലെ ഏറ്റവും പരമ്പരാഗത തൊഴിലാണ് കയര്‍ പിരിക്കല്‍.