ആലപ്പുഴ: ആധുനിക വത്കരണത്തിലൂടെ മാത്രമേ കയർ മേഖലയ്ക്ക് ഇനി മുന്നോട്ടുനീങ്ങാനാകൂവെന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജി.സുധാകരനും പി. തിലോത്തമനും. എട്ടാമത് കയർ കേരളയുടെ സമാപനസമ്മേളനത്തിലായിരുന്നു മന്ത്രിമാരുടെ അഭിപ്രായ പ്രകടനം.കയർ തൊഴിലാളികളെ ദുരിതത്തിൽ നിന്ന് കൈപിടിച്ചുയർത്താൻ സർക്കാരിനായെന്ന് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മുടങ്ങിക്കിടന്ന പെൻഷൻ ഉൾപ്പെടെ തൊഴിലാളികളുടെ വീട്ടിലെത്തിച്ചു. മിനിമം കൂലി വർധിപ്പിച്ചു. ചകിരിക്കുവേണ്ടി തമിഴ്നാടിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ കൂടുതൽ ചികരി മില്ലുകൾ സ്ഥാപിച്ചു. ആഭ്യന്തര വിപണിയിലേക്ക് കയറുല്പന്നങ്ങൾ എത്തിക്കാനും ഈ സർക്കാരിന് സാധിച്ചു. അധുനിക വത്കരണത്തിലൂടെ കൂടുതൽ വളർച്ചയാണ് ഈ മേഖലയിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷനായിരുന്നു. നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടാണ് ഇത്രയും ജനപങ്കാളിത്തം കയർ കേരളയ്ക്ക് കിട്ടിയതും, ഇത് വൻ വിജയമായി മാറിയതും. ചകിരി നാരുകൾ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു.
കയർ ഭൂവസ്ത്രം റോഡ് നിർമാണത്തിന് ഉപയോഗിക്കാമെന്നു തെളിയിക്കപ്പെട്ടിട്ടും ഒരു സർക്കാരും ഇത് അംഗീകരിച്ചില്ല. വി.എസ്. അച്യൂതാനന്ദൻ സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ റോഡിൽ ഉപയോഗിക്കാമെന്നു കണ്ടത്തിയെങ്കിലും പിഡബ്ല്യുഡി മാന്വുലിൽ അതുൾപ്പെടുത്തിയില്ല. ഇപ്പോൾ അതിന് മാറ്റം വന്നു. അന്പലപ്പുഴയിൽ അഞ്ചു കിലോമീറ്റർ റോഡ് ഇങ്ങനെയാണ് പണിതിരിക്കുന്നത്.
കയർ മേള 2019 ലക്ഷ്യം കണ്ടതിന്റെ ഉത്തമ തെളിവാണ് 399 കോടിയുടെ വിപണി നേടാൻ സാധിച്ചതെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ആധുനികവത്കരണത്തിന് തുണയാകുന്ന ആശയങ്ങളാണ് ഈ മേളയിൽ ഉണ്ടായത്. കയർ മേഖലയുടെ യന്ത്രവത്കരണത്തോടെ ലഭിക്കുന്ന ഉല്പന്നങ്ങളുടെ ഉപയോഗത്തിലൂടെ പ്രകൃതിയിലേക്ക് മടങ്ങാനുള്ള സാധ്യതയാണ് തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ധനം-കയർമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കയർ കേരള 2019ന്റെ അവലോകനം നിർവഹിച്ചു. കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, അഡ്വ. യു. പ്രതിഭ എംഎൽഎ, കയർ വകുപ്പ് ഡയറക്ടർ എൻ. പദ്മകുമാർ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, കഐസ്ഡിപി ചെയർമാൻ സി.ബി. ചന്ദ്രബാബു, കയർ മെഷിനറി മാനുഫാക്ച്വറിംഗ് ഫാക്ടറി ചെയർമാൻ അഡ്വ. കെ. പ്രസാദ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ. സായികുമാർ, കെഎൽഡിസി ചെയർമാൻ ടി. പുരുഷോത്തമൻ, ഓട്ടോകാസ്റ്റ് ചെയർമാൻ കെ.എസ്. പ്രദീപ് കുമാർ, കയർ കോർപറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, ഫോം മാറ്റിംഗ്സ് ചെയർമാൻ അഡ്വ. കെ.ആർ. ഭഗീരഥൻ എന്നിവർ പ്രസംഗിച്ചു.